നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. ആസിഫ് പുരസ്കാര സമർപ്പണത്തിനായി എഴുന്നേല്‍ക്കുകയും ചെയ്തു.
എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ല. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്‍റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജ് രമേഷ് നാരായണന് പുരസ്കാരം നല്‍കുകയായിരുന്നു.
പുരസ്കാരം സ്വീകരിക്കുന്നതുപോയിട്ട് ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണൻ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. സംഭവത്തില്‍ ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.