Home Featured കുടകില്‍ വിനോദസഞ്ചാരം നിയന്ത്രിക്കാൻ ഇ-പാസ് ഏര്‍പ്പെടുത്തുന്നു

കുടകില്‍ വിനോദസഞ്ചാരം നിയന്ത്രിക്കാൻ ഇ-പാസ് ഏര്‍പ്പെടുത്തുന്നു

by admin

മംഗളൂരു: വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കുടകിലെത്തുന്നത് നിയന്ത്രിക്കാൻ ടൂറിസം വകുപ്പ്. തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ നടപടിയാരംഭിച്ചതായി കുടക് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിത ഭാസ്കർ പറഞ്ഞു. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരമാണ് ലക്ഷ്യം.

ദൃശ്യ മനോഹാരിതയും സാഹസിക ഇടങ്ങളുമെല്ലാം കുടകിനെ വിനോദ സഞ്ചാരികളുടെ സ്വർഗമാക്കി. സന്ദർശനം ആവർത്തിക്കാൻ മാത്രം ആകർഷകമാണ് കുടക് മലനിരകളും തടാകങ്ങളും വെള്ളച്ചാട്ടവും ആനത്താവളവും. സന്ദർശക ബാഹുല്യം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം വർഷം തോറും കൂടുകയാണ്. തമിഴ്നാട്ടില്‍ ഈ സ്ഥിതിക്ക് അറുതി കുറിക്കാൻ മദ്രാസ് ഹൈകോടതി വിധിയാണ് വഴിവെച്ചത്. വിനോദ സഞ്ചാരികളെ കുറക്കുക എന്നതായിരുന്നു കോടതി നിർദേശം. അതിനായി സർക്കാർ ഇ-പാസ് ഏർപ്പെടുത്തി.

കുടകിലെ പാതകള്‍ പ്രകൃതി ദുരന്തത്തില്‍ തകർന്നിരിക്കുകയാണ്. നിയന്ത്രണങ്ങളുടെ ചെക്ക്പോസ്റ്റുകള്‍ മറികടന്ന് വാഹനങ്ങളും എത്തുന്നു. വിനോദ യാത്രക്കാർ വലിച്ചെറിയുന്ന പലയിനം മാലിന്യങ്ങളുടെ കൂനകള്‍ കുടക് പാതകള്‍ക്കിരുവശവും കാണാം. കഴിഞ്ഞ വർഷം 13 ലക്ഷം വിനോദ സഞ്ചാരികളാണ് കുടക് സന്ദർശിച്ചതെന്ന് അനിത പറഞ്ഞു. അടുത്ത ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളില്‍ അതിലേറെ പ്രവാഹം ഉണ്ടാവാം.

സഞ്ചാരികളുടെ അമിത ഒഴുക്ക് തടയാൻ ‘കൂട്ട വരവ് കുടകിനെ നശിപ്പിക്കും; കുറച്ചു വരൂ കുടകിനെ കരുതൂ’ പ്രചാരണവുമായി അധികൃതർ രംഗത്തുവന്നു. കുടകില്‍ പലയിടങ്ങളിലും ഇത്തരം ബോർഡുകള്‍ സ്ഥാപിച്ചു തുടങ്ങി. കുടകിനെയും കാവേരി നദിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്ബയിൻ.

You may also like

error: Content is protected !!
Join Our WhatsApp Group