ബംഗളൂരു: നമ്മ മെട്രോ ഭൂഗർഭപാതയിലെ മജസ്റ്റിക് കെംപെഗൗഡ, സെൻട്രല്‍ കോളജ് സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷക്കായി ബി.എം.ആർ.സി.എല്‍ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകള്‍ സ്ഥാപിക്കാൻ തുടങ്ങി. യാത്രക്കാർ മെട്രോ ട്രാക്കിലേക്ക് വീണ് അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണിത്. തിരക്കേറിയ രണ്ട് സ്റ്റേഷനുകളിലാണ് ഡോറുകള്‍ സ്ഥാപിക്കുന്നത്. പ്ലാറ്റ്ഫോമില്‍ മെട്രോ ട്രെയിൻ എത്തുമ്ബോള്തന്നെ സ്ക്രീൻഡോറുകളും തുറക്കും.
യാത്രക്കാർ ട്രെയിനിനകത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ ഡോറുകള്‍ അടയും. രണ്ടാംഘട്ടത്തില്‍ നിർമാണം പുരോഗമിക്കുന്ന കല്ലേന ആഗ്രഹാര – നാഗവാര പാതയിലെ 13 ഭൂഗർഭ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിക്കുന്ന സ്ക്രീൻ ഡോറുകള്‍ സ്ഥാപിക്കാൻ നേരത്തേ നടപടി ആരംഭിച്ചിരുന്നു. ഡിസംബറില്‍ ട്രെയിൻ സർവിസ് ആരംഭിക്കുന്ന ആർവി റോഡ് – ബൊമ്മസന്ദ്ര പാതയിലെ കോനപ്പന ആഗ്രഹാര സ്റ്റേഷനിലും സ്ക്രീൻഡോർ സ്ഥാപിക്കുന്നുണ്ട്. ഇൻഫസിസിന്റെ സഹകരണത്തോടെയാണ് ഇ സ്റ്റേഷനുകള്‍ നിർമിക്കുന്നത്.
അപകടങ്ങള്‍ വർധിച്ചതോടെ മജസ്റ്റിക് കേംപെഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിലെ നാല് പ്ലാറ്റ്ഫോമുകളിലും സ്റ്റീല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് ഫലം കാണാതെ വന്നതോടെയാണ് സ്ക്രീൻ ഡോറുകള്‍ സ്ഥാപിക്കുന്നത്.