മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും.
മണിച്ചിത്രത്താഴ് തിയേറ്ററില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും റീ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസില് റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുമ്ബോള്‍ മലയാള സിനിമാ പ്രേമികള്‍ക്ക് അത് മറക്കാനാവാത്ത അനുഭവമാകും.
മണിച്ചിത്രത്താഴ് ഹിറ്റായതോടെ തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലും, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. അവയെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു.മധു മുട്ടത്തിന്റെ കഥ സംവിധായകൻ ഫാസില്‍ അഭ്രപാളിയില്‍ എത്തിച്ചപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച ക്ലാസിക് സിനിമകളില്‍ ഒന്നായി മാറുകയായിരുന്നു.
കേന്ദ്ര കഥാപാത്രമായ ഗംഗയെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.