ന്യുഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വനനശീകരണത്തിനെതിരായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി സുന്ദര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയയും പ്രമേഹവും ഉണ്ടായിരുന്നു. ഈ മാസം എട്ടിനാണ് ബുഹഗുണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെയായിരുന്നു മരണം. സംസ്‌കാരം പിന്നീട് ഋഷികേശിലെ ഗംഗാ തീരത്ത്.
സുന്ദര്‍ലാല്‍ ബഹുഗുണയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രാജ്യത്തിന് ബൃഹത്തായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മോദി പറഞ്ഞു. പ്രകൃതിയോട് ഇണങ്ങിയുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ ആവാസ വ്യവസ്ഥ അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തിന്റെ യലാളിത്യവും പ്രകടിപ്പിച്ചിരുന്ന സഹാനുഭൂതിയും ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടും ഒപ്പമുണ്ട് താനും.’ മോദി പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തനവും സ്ത്രീ ശാക്തികരണവും ഒരുമിച്ച് കൊണ്ടുപോകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. വനനശീകരണത്തിലൂടെയല്ല പരിസ്ഥിതി സംരക്ഷണത്തിലൂടെയാണ് വികസനമെന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. വൈദ്യുതി ഉത്പാദനത്തിന് ചെറുകിട പദ്ധതികള്‍ വിജയകരമായി നടപ്പാക്കണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. നര്‍മ്മദ അണക്കെട്ടിനനും കേരളത്തില്‍ ആതിരപ്പള്ളി പദ്ധതിക്കും എതിരെ വരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ഊര്‍ജമായി തീര്‍ന്നത് സുന്ദര്‍ലാല്‍ ബഹുഗുണ മുന്നോട്ടുവച്ച ആശയമായിരുന്നു.
വനനശീകരണത്തിനെതിരായ സമരത്തില്‍ മുന്നണി പോരാളിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ. ഗാന്ധിയന്‍ ചിന്താഗതിയും അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകര്‍ത്താവുമായ സുന്ദര്‍ലാല്‍ ഹിമാലയന്‍ മലനിരകളിലെ വനവൃക്ഷങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് സമരമുഖത്തേക്ക് വരുന്നത്. ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആശയം ഭാര്യ വിംല ബഹുഗുണയാണ് മുന്നോട്ടുവച്ചതെങ്കിലും 1970കളില്‍ അത് നടപ്പാക്കിയത് സുന്ദര്‍ശലാല്‍ ആയിരുന്നു. വൃക്ഷങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു സമരം. ചിപ്കോ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കെട്ടിപ്പിടിക്കുക എന്നാണ്. ഉത്തരാവണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26നായിരുന്നു ഈ സമരം. തെഹ്‌രി അണക്കെട്ടിനെതിരെയും നടത്തിയ സമരം വേറിട്ടതായിരുന്നു. 1980കളില്‍ തുടങ്ങിയ സമരം 2004 വരെ തുടര്‍ന്നു.
കൗമാരക്കാലത്തുതന്നെ തൊട്ടുകൂടായ്മ ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ടായിരുന്നു അദ്ദേഹം പൊതുസമൂഹത്തില്‍ ശ്രദ്ധ ചെലുത്തിയത്. മദ്യത്തിനെതിരെയായിരുന്നു പിന്നീടുള്ള പോരാട്ടം. ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ ഗാന്ധിയന്‍ രീതിയിലായിരുന്നു സമരം. ഹിമാലയന്‍ വന-മലനിരകളില്‍ മുഴുവന്‍ 4700 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച സുന്ദര്‍ലാല്‍ വിവിധ വികസന പദ്ധതികള്‍ പരിസ്ഥിതിക്ക് ഏല്പിച്ച ആഘാതം പുറത്തുകൊണ്ടുവന്നു.
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 1981ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിച്ചു. 2009ല്‍ പത്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1987ല്‍ ചിപ്‌കോ പ്രസ്ഥാനത്തിന് റൈറ്റ്് ലൈവ്‌ലിഹുഡ് പുരസ്‌കാരം, 1986ല്‍ ജംനാലാല്‍ ബജാജ് പുരസ്‌കാരം, 1989ല്‍ ഐഐടി റൂര്‍ക്കല സമൂഹ്യ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.