ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം കർണാടകത്തിലെ 27 മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മിഷൻ പിഴയിട്ടു. ഫാക്കൽറ്റി അംഗങ്ങളുടെ കുറവാണ് എല്ലാ സ്ഥാപനങ്ങളിലും പൊതുവായ പ്രശ്നമായി കണ്ടെത്തിയത്. രണ്ടുല ക്ഷംമുതൽ 15 ലക്ഷംവരെ രൂപയാണ് സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കിയത്.
അഞ്ചു സർക്കാർ മെഡിക്കൽ കോളേജുകൾക്കും പിഴയുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ചിക്കമഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചിത്രദുർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചിക്കബെല്ലാപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മിംസ് മാണ്ഡ്യ, യിംസ് യാദ്ഗിർ എന്നീ സ്ഥാപനങ്ങൾക്കാണ് 15 ലക്ഷം രൂപവീതം പിഴയിട്ടത്.
കാർവാർ ക്രിംസ്, മൈസൂരു എം.എം.സി.ആർ.ഐ., ഗുൽബർഗ ജിംസ്, ശിവമോഗ സിംസ്, കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മാണ്ഡ്യ മിംസ്, ചാമരാജനഗർ സി.ഐ.എം.എസ്. എന്നീ സ്ഥാപനങ്ങൾക്ക് മൂന്നുലക്ഷം രൂപവീതമാണ് പിഴ. ഹുബ്ബള്ളി കിംസിന് രണ്ടുലക്ഷം രൂപയാണ് പിഴ.
സംസ്ഥാനത്തെ ചില മെഡിക്കൽ കോളേജുകളിൽ പ്ര ശ്നങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. ശരൺപ്രകാശ് പാട്ടീൽ പറഞ്ഞു.