Home Featured ബെംഗളൂരു രണ്ടാം വിമാനത്താവളം: 2033 വരെ കാത്തിരിക്കാൻ കഴിയില്ലെന്ന് സർക്കാ‍‍ർ, ഈ അഞ്ച് സ്ഥലങ്ങൾ പരിഗണനയിൽ

ബെംഗളൂരു രണ്ടാം വിമാനത്താവളം: 2033 വരെ കാത്തിരിക്കാൻ കഴിയില്ലെന്ന് സർക്കാ‍‍ർ, ഈ അഞ്ച് സ്ഥലങ്ങൾ പരിഗണനയിൽ

by admin

ബെംഗളൂരു: കർണാടകത്തോട് ചേർന്ന തമിഴ്നാട്ടിലെ ഹൊസൂരിൽ വിമാനത്താവളം നിർമിക്കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളവുമായി ബന്ധപ്പെട്ട ചർച്ചകൾ വേഗത്തിലാക്കാൻ കർണാടക സർക്കാർ. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം എവിടെ നിർമിക്കുന്ന തീരുമാനം ഉടനെടുക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. വിമാനത്താവളം നിർമിക്കാനായി അഞ്ചോളം സ്ഥലങ്ങൾ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് വ്യവസായ മന്ത്രി എംബി പാട്ടീൽ വ്യക്തമാക്കി.

ബെംഗളൂരുവിന് അടുത്താണ് അഞ്ചോളം സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്ന് മന്ത്രി എംബി പാട്ടീൽ പറഞ്ഞു. ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളത്തിൻ്റെ പ്രവൃത്തി ആരംഭിക്കാനായി സർക്കാരിന് 2033 വരെ കാത്തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള കരാർ പ്രകാരം, സ‍ർക്കാരിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ 130 കിലോമീറ്റ‍ർ ചുറ്റളവിൽ 2032 വരെ മറ്റൊരു വിമാനത്താവളം നിർമിക്കാൻ സാധിക്കില്ല. കെംപഗൗഡ വിമാനത്താവളത്തിൽനിന്ന് 76 കിലോമീറ്റർ അകലെയാണ് ഹൊസൂ‍ർ. ഈ സാഹചര്യത്തിൽ ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള കരാർ തമിഴ്നാടിന് ബാധകമാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി എംബി പാട്ടീൽ പറഞ്ഞു.

ഗതാഗത സൗകര്യങ്ങളും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താണ് അഞ്ച് സ്ഥലങ്ങൾ തിരഞ്ഞെടത്തതെന്ന് മന്ത്രി വ്യക്തമാക്കി. യാത്രാ സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ദൊഡ്ഡബല്ലാപ്പൂർ, ദോബ്ബാസ്പേട്ട്, തുംകുരു തുടങ്ങിയ സ്ഥലങ്ങൾ അനുയോജ്യമാണ്. യാത്രക്കാരുടെ എണ്ണം പരിഗണിക്കുകയാണെങ്കിൽ, വൈറ്റ്ഫീൽഡിന് സമീപമുള്ള ഒരു സ്ഥലം, സൗത്ത് ബെംഗളൂരു അല്ലെങ്കിൽ കനകപുര റോഡ് എന്നിവിടങ്ങൾ പരിഗണനയിലുണ്ടെന്നും മന്ത്രി വിശദമാക്കി.

രാജ്യത്ത് ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളം. ഡൽഹി, മുംബൈ വിമാനത്താവളങ്ങൾക്കാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ. കഴിഞ്ഞ വ‍ർഷം 37.5 മില്യൺ യാത്രക്കാരാണ് കെംപഗൗഡ വിമാനത്താവളം വഴി യാത്ര ചെയ്തത്. കൂടാതെ, നാല് ലക്ഷം ടൺ ചരക്കുനീക്കവും വിമാനത്താവളം വഴി നടന്നു. യാത്രക്കാരുടെ തിരക്കും വ്യവസായികളുടെ അടക്കം ആവശ്യവും പരിഗണിച്ചാണ് ബെംഗളുരുവിൽ രണ്ടാമതൊരു വിമാനത്താവളം കൂടി നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group