ബംഗളൂരു: ബംഗളൂരു-മൈസൂരു നിയന്ത്രിത ഹൈവേയില്‍ നിയമലംഘനത്തിന്റെ പേരില്‍ ഒരു മാസത്തിനിടെ പിഴയായി ഈടാക്കിയത് ഒമ്ബതുകോടി രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, ലൈൻ ഡിസിപ്ലിൻ പാലിക്കാത്തത്, നിരോധിത വാഹനങ്ങള്‍ പ്രവേശിച്ചത്, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് തുടങ്ങി വിവിധ കേസുകളിലായാണ് ഇത്രയും രൂപ പിഴയിട്ടത്.
പാതയില്‍ 12 ഇടങ്ങളിലായി സ്ഥാപിച്ച 40 എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെകഗനീഷ്യൻ) കാമറകളാണ് നിയമലംഘനങ്ങള്‍ ഒപ്പിയെടുത്തത്.
ജൂണ്‍ മാസത്തില്‍ മാത്രം മൈസൂരു സിറ്റി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിലായി 1,61,491 കേസുകള്‍ രജിസ്റ്റർ ചെയ്തതായി റോഡ് സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. ഇതില്‍ 1.3 ലക്ഷം കേസുകളും ഡ്രൈവറോ മുൻ സീറ്റിലെ യാത്രക്കാരനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലാണ് രേഖപ്പെടുത്തിയത്. അമിത വേഗത്തിന് 7671 കേസുകളും ലൈൻ ഡിസിപ്ലിൻ പാലിക്കാത്തതിന് 12609 കേസുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1830 കേസുകളും രജിസ്റ്റർ ചെയ്തു.
വാഹനങ്ങള്‍ക്കുള്ള പിഴ സ്പോട്ടില്‍ തന്നെയാണ് ഈടാക്കുന്നത്. ഇതിനായി മൈസൂരു പൊലീസിന് 10ഉം രാമനഗര, മാണ്ഡ്യ പൊലീസിന് അഞ്ചു വീതവും ടാബുകള്‍ കൈമാറിയിട്ടുണ്ട്. എ.എൻ.പി.ആർ കാമറകള്‍ പിടിച്ചെടുക്കുന്ന ഗതാഗത നിയമലംഘനം ഉടൻ പൊലീസിന് കൈമാറും.
ഹൈവേയുടെ എക്സിറ്റ് പോയന്റുകളിലോ ടോള്‍ പ്ലാസകളിലോ കാത്തുനില്‍ക്കുന്ന ട്രാഫിക് പൊലീസ് നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് ഈ വിവരം കാണിക്കുകയും അവിടെ നിന്നുതന്നെ പിഴയീടാക്കുകയും ചെയ്യുമെന്ന് എ.ഡി.ജി.പി പറഞ്ഞു. ഈ രീതിയില്‍ 48 ലക്ഷം രൂപ പിഴയിനത്തില്‍ ഇതുവരെ ഈടാക്കിയിട്ടുണ്ട്.
മറ്റു ചില വാഹന ഡ്രൈവർമാർ ഓണ്‍ലെനായി പിഴയടക്കാമെന്ന് മറുപടി പറയാറാണ് പതിവ്. അതേസമയം, ഓണ്‍ലൈനായി പിഴയടക്കാത്തവരുടെ മേല്‍വിലാസത്തില്‍ പൊലീസ് നേരിട്ടെത്തുമെന്നും എ.ഡി.ജി.പി മുന്നറിയിപ്പ് നല്‍കി. പിഴ കണ്ടെത്തുക എന്നതിനപ്പുറം അപകടങ്ങളും മരണനിരക്കും കുറക്കുകയും ഡ്രൈവർമാരില്‍ അവബോധം സൃഷ്ടിക്കുകയുമാണ് ഈ നടപടികള്‍കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.