മംഗളൂരു: മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളൈബട്ടുവില്‍ കരാറുകാരനെയും കുടുംബത്തെയും കത്തിമുനയില്‍ നിർത്തി വീട് കൊള്ളയടിച്ച കേസില്‍ മലയാളികളുള്‍പ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് ഉപ്പള സ്വദേശി ബാലകൃഷ്ണ ഷെട്ടി (48), തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ജി.ജോണ്‍ ബോസ്‌കോ ബിജു (41), തൃശൂര്‍ മുകുന്ദപുരം സ്വദേശി സതീഷ് ബാബു (44), കൊടകര സ്വദേശി ഷിജോ ദേവസി (38), തൃശൂർ കൂര്‍ക്കഞ്ചരി ഷാക്കിര്‍ ഹുസൈന്‍ (56), കുമാരനെല്ലൂര്‍ സ്വദേശി എം.എം.സജീഷ് (32), കടുപ്പശ്ശേരി സ്വദേശി പി.കെ. വിനോജ് (38), മംഗളൂരു നീർമാർഗ സ്വദേശികളായ വസന്ത് കുമാര്‍ പൂജാരി (42), രമേഷ് പൂജാരി (42), ബണ്ട്വാളിലെ റെയ്മണ്ട് ഡിസൂസ (47) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ മാസം 21നാണ് കോണ്‍ട്രാക്ടര്‍ പത്മനാഭ കോട്ട്യന്റെ വീട്ടില്‍ കവർച്ച നടന്നത്. സംഭവദിവസം വൈകീട്ട് ആറരയോടെ വീട്ടിലെത്തിയ പത്മനാഭയുടെ കാലില്‍ മാസ്ക് ധാരികള്‍ കുത്തുകയായിരുന്നു. അരമണിക്കൂറോളം നടന്ന മല്‍പ്പിടിത്തത്തിനൊടുവില്‍ പത്മനാഭയുടെ നിലവിളി കേട്ട് പുറത്തുവന്ന ഭാര്യക്കും മകനും നേരെ അക്രമികള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി.
ജീവന് കെഞ്ചിയ ഭാര്യ ആഭരണങ്ങള്‍ ഊരി നല്‍കി, അലമാരയുടെ താക്കോലുകളും കൈമാറി. ഓടിയെത്തിയ മൂന്ന് തൊഴിലാളികളെയും കവർച്ചക്കാർ കത്തിവീശി തടഞ്ഞു. മുക്കാല്‍ മണിക്കൂറിനകം ആഭരണങ്ങളും പണവും ഉള്‍പ്പെടെ ഒമ്ബത് ലക്ഷം രൂപ കവർച്ച ചെയ്തു.
മതിലിലും ഗേറ്റിലും സി.സി.ടി.വി കാമറയുണ്ട്. ഇതിന്റെ ഹാർഡ് ഡിസ്ക് എന്ന് കരുതി വെപ്രാളത്തില്‍ വൈഫൈ സംവിധാന ഉപകരണമാണ് കവർച്ചക്കാർ കേടുവരുത്തിയത്. മാസ്ക് ധരിക്കാത്ത ഒരാളാണ് നിർദേശങ്ങള്‍ നല്‍കിയത്. ഹിന്ദിയാണ് സംസാരിച്ചതെങ്കിലും അത് ഹിന്ദിക്കാരുടെ ശൈലിയായിരുന്നില്ലെന്ന് പത്മനാഭയുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് പറഞ്ഞു.
300 കോടി നിറക്കാൻ ചാക്കുമായി എത്തിയ കേരള സംഘത്തിന് കിട്ടിയത് ഒമ്ബത് ലക്ഷം,കവർച്ച ആശയം ഡ്രൈവറുടേത്
മംഗളൂരു: പൊതുമരാമത്ത് കരാറുകാരൻ പത്മനാഭ കൊട്ട്യന്റെ വീട് കവർച്ച ആസൂത്രണം ചെയ്ത പ്രാദേശിക സംഘം കേരളത്തില്‍നിന്ന് സഹായം ലഭിക്കാൻ പ്രയോഗിച്ചത് 300 കോടിയുടെ നിക്ഷേപം ഉണ്ടെന്ന പ്രലോഭനം. കെട്ടുതാലിയും ആഭരണങ്ങളുമുള്‍പ്പെടെ അലമാരകള്‍ മൊത്തം പരതിയ ശേഷം ലഭിച്ചത് ഒമ്ബത് ലക്ഷത്തില്‍ താഴെ രൂപ.
നാലുവർഷം പത്മനാഭയുടെ ഡ്രൈവറായിരുന്ന പഞ്ചായത്ത് അംഗം വസന്ത് പൂജാരിയുടേതാണ് കവർച്ച ആശയം. ഇയാള്‍ ബേക്കറി ജീവനക്കാരനായ രമേഷ് പൂജാരിയുമായി ആലോചിച്ച് പദ്ധതി തയാറാക്കി. കല്‍പണിക്കാരൻ ഡിസൂസയും ബാലകൃഷ്ണയും ചേർന്നപ്പോള്‍ നാലംഗ ടീമായി. ഇവർ കേരള സംഘവുമായി ബന്ധപ്പെട്ടു. എട്ട് മാസം മുമ്ബായിരുന്നു ആസൂത്രണം.
കരാറുകാരന്റെ വീടിന്റേയും പരിസരത്തിന്റേയും മാപ്പ് തയാറാക്കി നല്‍കാനായിരുന്നു കേരള ടീമിന്റെ ആദ്യ നിർദേശം. മംഗളൂരുവിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച കേരള ടീം കഴിഞ്ഞ മാസം 18ന് നടത്തിയ കവർച്ചശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ ശ്രമം ലക്ഷ്യംകണ്ടു.
പണവും ആഭരണങ്ങളും നിറക്കാൻ 20 ചാക്കുകളും രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കാമെന്ന് കരുതിയ കോടികള്‍ എടുക്കാൻ തറയിലെ ടൈലുകള്‍ ഇളക്കി മാറ്റാനുള്ള ഉപകരണങ്ങളും കേരളത്തില്‍നിന്നുള്ള സംഘം കരുതിയിരുന്നുവെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാള്‍ വെളിപ്പെടുത്തി. നാലോ അഞ്ചോ പേരെ ഇനിയും പിടികിട്ടാനുണ്ട്.