ബെംഗളൂരു: കൊലപാതക ക്കേസിൽ ജയിലിലായ കന്നഡ നടൻ ദർശനുമായുള്ള വൈകാരികബന്ധം വിവരിച്ച് നടി സുമലത അംബരീഷ്. ദർശൻ തൻ്റെ മൂത്ത മകനെപ്പോലെയാണെന്ന് അവർ പറഞ്ഞു. ഒരമ്മയും തന്റെ മകനെ ഇത്തരമൊരവസ്ഥയിൽ കാണാൻ ആഗ്രഹിക്കില്ല. സ്നേഹവും ഔദാര്യവുമുള്ള മനസ്സിനുടമയാണ് ദർശൻ.ഇത്തരമൊരു കുറ്റകൃത്യം നടത്താൻ കഴിയുന്നയാളാണ് ദർശനെന്ന് താൻ കരുതുന്നില്ലെന്നും സുമലത പറഞ്ഞു.
രേണുകാസ്വാമി കൊലക്കേസിൽ ദർശൻ അറസ്റ്റിലായതിനോട് ആദ്യമായാണ് സുമലത പ്രതികരിക്കുന്നത്. സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അവർ മനസ്സുതുറന്നത്. ദർശൻ കുറ്റാരോപിതൻ മാത്രമാണെന്നും നിയമസംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും അവർ കുറിച്ചു.ദർശൻ കേസിൽപ്പെട്ടപ്പോൾ തൻ്റെ ഹൃദയം തകർന്നുപോയെന്നും അതുകൊണ്ടാണ് ഇത്രയുംനാൾ പ്രതികരിക്കാതിരുന്ന തെന്നും സുമലത പറഞ്ഞു.
സംഭവത്തിൽ സുമലത പ്രതികരിക്കാത്തതിനെതിരേ വിമർശനമുയർന്നിരുന്നു. “25 വർഷമായി ദർശനെഎനിക്കറിയാം. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. അംബരീഷിനെ ദർശൻ അച്ഛാ എന്നു വിളിക്കുമായിരുന്നു” -സുമലത പറഞ്ഞു.