ബംഗളൂരു: നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സിദ്ധരാമയ്യ സർക്കാറിനെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്.യെദിയൂരപ്പ. ബംഗളൂരു പാലസ് മൈതാനിയില്‍ നടന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി 140 മുതല്‍ 150 സീറ്റുവരെ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപയോഗ ശൂന്യമായ ഗാരന്റി പദ്ധതികളെയും കോണ്‍ഗ്രസിന്റെ കൈയൂക്കിനെയും പണത്തെയും കർണാടകയിലെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു. ജനം ബി.ജെ.പിയെയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഞാൻ സിദ്ധരാമയ്യയെ വെല്ലുവിളിക്കുന്നു- യെദിയൂരപ്പ പറഞ്ഞു.
ഒരു വർഷത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ ജനകീയത നഷ്ടപ്പെട്ടിരിക്കുന്നു. ഗ്യാരന്റി പദ്ധതികള്‍ക്കുവേണ്ടി കോണ്‍ഗ്രസ് സാധനങ്ങളുടെ വില വർധിപ്പിക്കുന്നു. ഒരു വികസന പ്രവർത്തനവും നടക്കുന്നില്ലെന്നും ജലസേചന പദ്ധതികള്‍ മുടങ്ങിയെന്നും യെദിയൂരപ്പ ആരോപണമുയർത്തി.