ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്മെന്റുകളിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ബിബിഎംപി മാർഷലുകൾ പരിശോധന ആരംഭിച്ചു. പത്ത് കോവിഡ് കേസുകൾ വീതം റിപ്പോർട്ട് ചെയ്ത അപ്പാർട്ട്മെന്റുകളിലാണ് മാർഷൽമാർ പരിശോധന നടത്തിയത്. അപ്പാർട്ട്മെന്റുകളിൽ വ്യാപകമായ രീതിയിൽ സർക്കാർ നിർദേശങ്ങൾ ലംഘിക്കപ്പെടുന്നതായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ബിബിഎംപി പരിശോധന കർശനമാക്കിയത്.
കഴിഞ്ഞ ദിവസം മഹാദേവപുരയിലെ അപ്പാർട്ട്മെന്റുകളിൽ പരിശോധന നടത്തിയ മാർഷൽമാർ നീന്തൽകുളങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് അപ്പാർട്ട്മെന്റിനെതിരെ പിഴ ചുമത്തുകയും നീന്തൽ കുളം അടച്ചിടുകയും ചെയ്തു. ലോക് ഡൗണിനെ തുടർന്ന് മുഴുവൻ താമസക്കാരും അപ്പാർട്ട്മെന്റിൽ തന്നെയായതിനാൽ പല ഇടങ്ങളിലും നീന്തൽകുളങ്ങളും പാർക്കുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. നീന്തൽകുളങ്ങൾ ഒരു കാരണവശാലും പ്രവർത്തിപ്പിക്കരുതെന്ന് ബിബിഎംപി നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താനുള്ള അധികാരവും മാർഷലുകൾക്ക് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മാർഷലുകൾ നഗരത്തിലെ വിവിധ മേഖലകളിൽ പരിശോധന
ശക്തമാക്കും.