ബെംഗളൂരു ബെംഗളൂരു-മൈസൂരു പാതയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം (ഐ.ടി.എം.എസ്.) നടപ്പാക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ജൂലായ് ഒന്നുമുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു-മൈസൂരു പാതയിലുടനീളവും മൈസൂരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുത്തി ഐ.ടി.എം.എസ്. സംയോ ജനം പൂർത്തിയായതായി ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു. ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ. പി.ആർ.) ക്യാമറകളും റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ (ആർ.എൽ.വി.ഡി.) ക്യാമറകളും ഉൾപ്പെടുന്നതാണ് ഈ സംവിധാനം.
2022-ൽ ബെംഗളുരുവിൽ ഐ.ടി.എം.എസ്. സംവിധാനം ആരംഭിച്ചിരുന്നു. നഗരത്തിലെ 50 ജങ്ഷനുകളിലായി 250 ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും 80 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകളും ഉൾപ്പെടുന്നതായിരുന്നു സംവിധാനം. ഇപ്പോൾ ഈ സംവിധാനം ബെംഗളൂരു -മൈസൂരു പാതയിലേക്കും മൈസൂരു നഗരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മൈസൂരു ജില്ലയിൽവരുന്ന ഹുൻസൂർ, എച്ച്.ഡി. കോട്ടെ, നഞ്ചൻ കോട്, ടി. നരസിപുര എന്നിവിടങ്ങളിലും ഈ സംവിധാനം വരും. ഭാവിയിൽ ബെംഗളുരുവിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രധാനപാതകളിലെല്ലാം ഐ.ടി.എം.എസ്. കൊണ്ടുവരാനാണ് ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നത്. തുമകൂരു റോഡ്, കനകപുര റോഡ്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലാകും സംവിധാനം നടപ്പാക്കുക. അധിക ക്യാമറകളിലൂടെ ബെംഗളൂരു-മൈസൂരു പാതയിൽ സുരക്ഷാ പരിശോധന ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
അതിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങ ളിൽ റോഡ് സുരക്ഷയ്ക്കായി വിവിധ നടപടികൾ സ്വീ കരിച്ചുവരികയാണ് ട്രാഫിക് പോലീസ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും മദ്യപിച്ച് വാഹന മോടിക്കുന്നവരെ പിടികൂടാൻ 800 ആൽക്കോമീറ്ററുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. 155 ലേസർ സ്പീഡ് ഗണ്ണുകളും സ്ഥാപിക്കും. ഗതാഗതനിയമംഘനത്തിലുള്ള പിഴയുൾപ്പെടുന്ന ചലാൻ സംവിധാനം ഫാസ്ടാഗ് ടോൾ ഗേറ്റുകളുമായി സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി പിഴത്തുക ഫാസ്ടാഗ് വഴി നേരിട്ട് ശേഖരിക്കാൻ സാധിക്കും