ബംഗളൂരു: രേണുക സ്വാമി വധക്കേസില്‍ അറസ്റ്റിലായ നടൻ ദർശൻ തൂഗുദീപയെ ജൂലൈ നാലുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ദർശന്റെ പൊലീസ് കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചതോടെ ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കിയതോടെയാണ് ദർശനെയും വിനയ്, പ്രദോഷ്, ധനരാജ് എന്നീ പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടത്. ജൂണ്‍ 11 മുതല്‍ ദർശൻ പൊലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. ഒന്നാംപ്രതി പവിത്ര ഗൗഡ അടക്കം മറ്റു 13 പ്രതികളെ രണ്ടു ദിവസംമുമ്ബ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവർ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ ആകെ 17 പ്രതികളാണുള്ളത്.
ചിത്രദുർഗ ലക്ഷ്മി വെങ്കടേശ്വര ലേഔട്ട് സ്വദേശിയും മെഡിക്കല്‍ഷോപ് ജീവനക്കാരനുമാണ് കൊല്ലപ്പെട്ട രേണുക സ്വാമി (33). ദർശന്റെ സുഹൃത്താണ് ഒന്നാം പ്രതി പവിത്ര ഗൗഡ. പവിത്രക്ക് രേണുക സ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. രേണുക സ്വാമിയെ ശിക്ഷിക്കണമെന്ന പവിത്രയുടെ ആവശ്യം ദർശൻ കൂട്ടാളികളുടെ സഹായത്തോടെ നടപ്പാക്കുകയായിരുന്നു. ചിത്രദുർഗയിലെ ദർശൻ ഫാൻ ക്ലബ് കണ്‍വീനർ രാഘവേന്ദ്ര എന്ന രഘു രേണുക സ്വാമിയെക്കുറിച്ച് എല്ലാ വിവരവും ശേഖരിച്ച ശേഷം ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കാമാക്ഷിപാളയ പട്ടണഗരെയിലെ കാർ ഷെഡിലെത്തിച്ച് ദർശന്റെ നേതൃത്വത്തില്‍ മർദിച്ചു. ഗുരുതര പരിക്കേറ്റ ഇയാളുടെ ശരീരത്തില്‍ പല ഭാഗത്തെയും അസ്ഥികള്‍ ഒടിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പിന്നീട് സുമനഹള്ളിയിലെ അഴുക്കുചാലില്‍ കൊണ്ടുതള്ളി.
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ, സാമ്ബത്തിക തർക്കത്തെത്തുടർന്ന് തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് ദർശന്റെ അനുയായികള്‍ കുറ്റമേറ്റെടുത്തു. അന്വേഷണം ഊർജിതമാക്കിയ പൊലീസ്, കേസില്‍ പവിത്ര ഗൗഡയുടെയും ദർശന്റെയും പങ്ക് പുറത്തുകൊണ്ടുവരുകയായിരുന്നു.