ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലത്തിൻ്റെ നിർമാണം പൂർത്തിയായി. സിൽക്ക്ബോർഡ് മെട്രോ ഇൻ്റർചേഞ്ച് സ്റ്റേഷൻ്റെ ഭാഗമായാണിത് നിർമിക്കുന്നത്. യെല്ലോ ലൈനിലൂടെ (ആർവി റോഡ് – ബൊമ്മസാന്ദ്ര) റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് (സിഎസ്ബി) വരെയുള്ള 3.3 കിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിൻ്റെ നിർമാണമാണ് പൂർത്തിയായിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പരിശോധനയ്ക്ക് ശേഷം ജൂൺ 15-നോ അതിന് ശേഷമോ ഫ്ളൈഓവറിൽ (റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്ബിയിലേക്ക് ഒരു വശം മാത്രം) വാഹന ഗതാഗതം അനുവദിക്കും. ഫ്ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് മെട്രോ ട്രെയിനുകൾക്കും ഉപയോഗിക്കും. റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ആദ്യത്തെ ഡെക്ക്. മെട്രോ ഡെക്ക് 16 മീറ്റർ ഉയരത്തിലാണ്. ജയ്പൂർ, നാഗ്പൂർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡ്-കം-മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാണ്.
മേൽപാലത്തെ ബന്ധിപ്പിച്ചുള്ള 5 റാംപുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എച്ച്എസ്ആർ ലേഔട്ട്, ഹൊസൂർ റോഡ്, ബിടിഎം ലേഔട്ട്, ഔട്ടർ റിങ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് റാംപുകൾ നിർമിക്കുന്നത്. നിലവിലെ സിൽക്ക്ബോർഡ് മേൽപാലത്തിൽ നിന്ന് മഡിവാള ഭാഗത്തേക്കും റാംപ് നിർമിക്കുന്നുണ്ട്. 150 കോടിരൂപ ചെലവഴിച്ചാണ് റാംപുകൾ നിർമിക്കുന്നത്. ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈൻ, സിൽക്ക്ബോർഡ്-കെആർ പുരം ബ്ലൂ ലൈൻ എന്നീ പാതകളാണ് സിൽക്ക്ബോർഡ് ഇന്റർചേഞ്ച് സ്റ്റേഷനിലൂടെ കടന്നുപോകുന്നതെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.