Home Featured അപകീര്‍ത്തി പരസ്യം നല്‍കിയ കേസ്; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

അപകീര്‍ത്തി പരസ്യം നല്‍കിയ കേസ്; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

by admin

ബെംഗളൂരു: കർണാടക ബിജെപി നല്‍കിയ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാകും. കർണാടകയില്‍ അധികാരത്തിലിരുന്ന ബിജെപി സർക്കാർ 2019-2023 കാലയളവില്‍ വലിയ അഴിമതി നടത്തിയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നല്‍കിയ പരസ്യം ആരോപിച്ചിരുന്നു.

2023 മെയ് 5 ന് സംസ്ഥാനത്തിലെ പ്രധാന പത്രങ്ങളില്‍ നല്‍കിയ പരസ്യം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നാരോപിച്ച്‌ 2023 ജൂണിലാണ് ബിജെപി പരാതി നല്‍കിയത്. ‘അഴിമതി നിരക്ക് കാർഡ്’ എന്ന തലക്കെട്ടിലുള്ള പരസ്യങ്ങള്‍ ബിജെപിയുടെ ബസവരാജ് ബൊമ്മൈ സർക്കാർ ’40 ശതമാനം കമ്മീഷൻ സർക്കാർ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

കർണാടക കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയുമാണ് പരസ്യം നല്‍കാൻ നേതൃത്വം നല്‍കിയതെന്നും ഈ പരസ്യങ്ങള്‍ എക്സിലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി പങ്കുവെച്ചതായും കർണാടക ബിജെപി പരാതിയില്‍ ആരോപിച്ചിരുന്നു.

കേസില്‍ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും ജൂണ്‍ ഒന്നിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് രാഹുലിനോട് ഹാജരാകാൻ ജഡ്ജി കെ.എൻ ശിവകുമാർ ഉത്തരവിടുകയായിരുന്നു. ഹാജരാകുന്നതില്‍ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും രാഹുലിന് ആവർത്തിച്ചുള്ള ഇളവുകള്‍ നല്‍കുന്നതിനെ വാദി ഭാഗം എതിർക്കുകയായിരുന്നു.

കോടതിയില്‍ ഹാജരായതിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് പ്രതിനിധികളുമായി രാഹുല്‍ കൂടികാഴ്ച്ച നടത്തുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group