Home Featured 50 മില്ലിലിറ്ററിന് 500 രൂപ; മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു

50 മില്ലിലിറ്ററിന് 500 രൂപ; മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു

by admin

ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം പൂട്ടിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തത്.

സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തിട്ടുണ്ട്. അതേസമയം സ്ഥാപനത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 45 കുപ്പി മുലപ്പാല്‍ പരിശോധനയ്ക്കായി ഗിണ്ടിയിലെ ലാബിലേക്ക് അയച്ചു.

10 ദിവസം മുമ്ബ് ലഭിച്ച പരാതിയെ തുടർന്നാണ് മാധവാരത്തെ കെകെആർ ഗാർഡനില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ തിരുവള്ളൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ ഡോ എം ജഗദീഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥാപനം നടത്തുന്ന വ്യക്തിക്ക് പ്രോട്ടീൻ പൗഡറുകള്‍ വില്‍ക്കുന്നതിനുള്ള ലൈസൻസാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ മറവിലായിരുന്നു അനധികൃത മുലപ്പാല്‍ വില്‍പ്പനയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ വിശദീകരിച്ചു.

50 മില്ലിലിറ്റർ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു.

ചെന്നൈയിലെ മുലപ്പാല്‍ വില്പനയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. പിടിച്ചെടുത്ത കുപ്പികളിലെ പാല്‍ ഏത് രീതിയിലാണ് പാല്‍ പാസ്ചറൈസ് ചെയ്തതെന്ന് വ്യക്തമാകാനാണ് പരിശോധനയ്ക്ക് അയച്ചത്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടി ഉണ്ടാകുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ വ്യക്തമാക്കി.

അതേസമയം ആശുപത്രികളിലുള്ള മുലയൂട്ടുന്ന അമ്മമാരില്‍ നിന്നാണ് പാല്‍ ശേഖരിച്ചതെന്ന് റെയ്‌ഡില്‍ കുടുങ്ങിയ മാധവാരത്തെ ലൈഫ് വാക്സീൻ സ്റ്റോർ ഉടമ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group