ബെംഗളൂരു: ഓണം ഉൾപ്പെടെയുള്ള ആഘോഷ വേളകളിൽ ബെംഗളൂരുവിലും മറ്റുമുള്ള മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നം നാട്ടിലേക്കെത്താനുള്ള ബസ് ടിക്കറ്റും ട്രെയിൻ ടിക്കറ്റും കിട്ടാനില്ലാത്തതായിരുന്നു. എന്നാൽ ഇത്തവണ ഒരുപരിധിവരെ പരിഹാരമായേക്കാവുന്ന നീക്കത്തിനൊരുങ്ങുകയാണ് കർണാടക ആർടിസി. കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ മൾട്ടി ആക്സിൽ സ്ലീപ്പർ എസി ബസ് സർവീസുകളാണ് ആരംഭിക്കുന്നത്. അത്യാഡംബര ബസ് സർവീസുകളായ അംബാരി ഉത്സവും, അംബാരി ഡ്രീം ക്ലാസുമാണ് വൈകാതെ നിരത്തിലിറങ്ങുക.
നിലവിൽ ഏറ്റവും ലാഭകരമായി സർവീസ് നടത്തുന്ന ബെംഗളൂരു – കോഴിക്കോട് – കൊച്ചി റൂട്ടിലാകും അംബാരി ഉത്സവ് വോൾവോ ബസ് സർവീസ് നടത്തുക. കൊച്ചി – ബെംഗളൂരു ബസ് യാത്രാനുഭവം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ അംബാരി ഉത്സവ് ബസുകൾ കൊച്ചിയിലേക്ക് ആരംഭിക്കുന്നത്. ഇതിനുപുറമെ കോട്ടയം, ആലപ്പുഴ നഗരങ്ങളിലേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസുകളും ആരംഭിക്കും.
നിലവിൽ കർണാടക ആർടിസി എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് അംബാരി ഉത്സവ് നടത്താറുണ്ട്. ആലപ്പുഴ, കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് സെമി സ്ലീപ്പർ ബസുകൾക്ക് പകരമായാണ് അംബാരി സ്ലീപ്പർ സർവീസുകളെത്തുക. പുതിയ ബസുകൾ ലഭിക്കുന്നതോടെ ഒരു മാസത്തിനുള്ളിൽ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ബെംഗളൂരു – കേരള ബസ്, ട്രെയിൻ യാത്രാ സൗകര്യങ്ങൾ പരിമിതമാണെന്നിരിക്കെ പുതിയ സർവീസുകളെത്തിയാൽ യാത്രക്കാർ ഏറ്റെടുക്കുമെന്നുറപ്പാണ്. കേരള ആർടിസിയുടെ കോഴിക്കോട് – ബെംഗളൂരു സർവീശുകൾ എല്ലാം ലാഭത്തിലാണ്. നവകേരള ബസ് നടത്തുന്ന ഗരുഡ പ്രീമിയം സർവീസും ഇതിൽ ഉൾപ്പെടും. ബെംഗളൂരു – കൊച്ചി റൂട്ടിലെ യാത്രാ തിരക്ക് പരിഗണിക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഉയർന്നാലും വോൾവോ ബസിൽ യാത്രക്കാരുണ്ടാകും.
നിലവിൽ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് എട്ട് ഗജരാജ എസി സ്ലീപ്പർ ബസ് സർവീസാണ് ബെംഗളൂരുവിൽ നിന്ന് നടത്തുന്നത്. ഇതിൽ നാലെണ്ണം വീതം തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമാണ് സർവീസ് നടത്തുന്നത്.