ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
“ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര ചികിത്സയ്ക്കായി വെന്റിലേറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ താലൂക്ക് ആശുപത്രിക്കും ആറ് വെന്റിലേറ്ററുകൾ നൽകിയത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാപിക്കും എന്നും മന്ത്രി അറിയിച്ചു. 780 അനസ്തേഷ്യ ഫിസിഷ്യൻമാർ ഉൾപ്പെടെ 2,480 ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനവരാശി കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്…ഈ പരിശ്രമത്തിൽ നാമോരോരുത്തർക്കും അണിചേരാം…കൃത്യമായ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കഴിയാവുന്ന സമയത്തെല്ലാം സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈ വൃത്തിയാക്കുക, ഊഴം വന്നാൽ ഉടൻ പ്രതിരോധ കുത്തിവെപ്പ് എടുക്കുക…ആവശ്യമെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക…ആപ്തമിത ഹെൽപ്പ് ലൈൻ 14410,കോവിഡ് സെൻറർ ഹെൽപ്പ് ലൈൻ: 1912.