Home Featured ഡിറ്റക്ടീവ് ഏജൻസികൾ ഫോൺ വിവരങ്ങൾ ഗുണ്ടകൾക്ക് വൽക്കുന്നുവെന്ന് ബെംഗളൂരു പൊലീസ്

ഡിറ്റക്ടീവ് ഏജൻസികൾ ഫോൺ വിവരങ്ങൾ ഗുണ്ടകൾക്ക് വൽക്കുന്നുവെന്ന് ബെംഗളൂരു പൊലീസ്

by admin

ബെംഗളൂരു: സ്വകാര്യ ഡിറ്റക്ടീവ് ഏജൻസികൾ വ്യക്തികളുടെ ഫോൺ വിവരങ്ങൾ ഇടപാടുകാർക്ക് അനധികൃതമായി വിൽക്കുന്നുവെന്ന് ബെംഗളൂരു പൊലീസ്. ഡിറ്റക്ടീവ് ഏജൻസികൾ, കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) ചോർത്തി വിറ്റതിന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതുവരെ ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ആർക്കു വേണ്ടിയാണ് ഫോൺ വിശദാംശങ്ങൾ ചോർത്തിയതെന്നും, ആരുടെയെല്ലാം ഫോണുകളിൽ ചാരപ്പണി ചെയ്‌തുവെന്നും, എന്തിനു വേണ്ടിയാണ് ഫോൺ ചോർത്തിയതെന്നും അന്വേഷിക്കുകയാണെന്ന്, ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ‘സേവന ദാതാവിൽ നിന്ന് സിഡിആർ ലഭിക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. അടുത്തിടെ നടത്തിയ റെയ്ഡുകളിൽ, ചില ഡിറ്റക്ടീവ് ഏജൻസികൾ നിയമവിരുദ്ധമായി സിഡിആർ ശേഖരിക്കുന്നതായി കണ്ടെത്തി. ഇവരിൽ നിന്ന് 43 സിഡിആറുകൾ കണ്ടെത്തി.’ കമ്മീഷണർ പറഞ്ഞു.

രഹസ്യ വിവരത്തെ തുടർന്ന്, ബസവേശ്വരനഗർ, ഗോവിന്ദരാജ്‌നഗർ എന്നിവിടങ്ങളിലെ ഡിറ്റക്ടീവ് ഏജൻസികളിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലൈസൻസില്ലാതെയാണ് ഏജൻസികൾ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഡിറ്റക്ടീവ് ഏജൻസികളും മൊബൈൽ സേവനദാതാക്കളും പരസ്പരധാരണയോടെ പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ നിരീഷണം.

ഗുണ്ടാ സംഘങ്ങൾ എതിരാളികളുടെ വിവരം ശേഖരിച്ചുവെന്നും, വേർപിരിഞ്ഞ ദമ്പതികൾ കുടുംബ കോടതിയിൽ സമർപ്പിക്കാൻ കോൾ വിശദാംശങ്ങൾ ശേഖരിച്ചുവെന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വ്യക്തികൾ മുൻ പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങൾ അനധികൃതമായി ശേഖരിക്കാൻ ശ്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

നിയമം അനുസരിച്ച്, ഒരു വ്യക്തിക്കെതിരെ കേസുണ്ടെങ്കിൽ, നിയമ നിർവ്വഹണ ഏജൻസികൾക്ക് മാത്രമാണ് സിഡിആർ ശേഖരിക്കാൻ അനുവാദമുള്ളത്. ഇതിനായി കേസും സിഡിആർ തേടാനുള്ള കാരണവും വ്യക്തമാക്കുന്ന കത്ത് നൽകണം. എന്നാൽ ഈ കേസുകളിൽ, ഡിറ്റക്ടീവ് ഏജൻസികൾ അവരുടെ ക്ലയൻ്റുകൾക്ക് വേണ്ടി നിയമവിരുദ്ധമായി സിഡിആർ എളുപ്പത്തിൽ സംഘടിപ്പിക്കുകയാണെന്ന്, പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group