ബംഗളൂരു: കാലവർഷത്തിനുമുമ്ബ് അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം തടയാൻ ആലോചിക്കുകയാണ് അധികൃതർ. കഴിഞ്ഞ ദിവസത്തെ മഴയില്‍ നഗരത്തിലെ പ്രധാന റോഡുകളിലെ അടിപ്പാതകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബി.ബി.എം.പി പരിധിയിലുള്ള 71 അടിപ്പാതകളില്‍ 18 എണ്ണം റെയില്‍വേ അടിപ്പാതകളാണ്. വെള്ളം ഒലിച്ചുപോകാനുള്ള ഓവുചാലുകളില്‍ ചളി നിറയുന്നതോടെ നിമിഷ നേരംകൊണ്ട് അടിപ്പാതകള്‍ മുങ്ങുന്നു.
കഴിഞ്ഞ വർഷം മേയ് 21ന് വിധാൻസൗധക്ക് സമീപം കെ.ആർ സർക്കിള്‍ അടിപ്പാതയില്‍ കാർ മുങ്ങി ഐ.ടി ജീവനക്കാരി മരിച്ചിരുന്നു. ഇതിനുശേഷമാണ് അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാൻ ബി.ബി.എം.പി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐ.ഐ.എസ് സി) സഹായം തേടിയത്. അടിപ്പാതകളുടെ രൂപഘടന ഉള്‍പ്പെടെ മാറ്റാനുള്ള നിർദേശം ഐ.ഐ.എസ് സി നല്‍കിയിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ പ്രതിസന്ധിയായതോടെ തുടർ നടപടികള്‍ ഉണ്ടായില്ല.