ബെംഗളൂരു: കനത്ത മഴയ്ക്കിടെ ബെംഗളൂരുവിലെ അണ്ടർപാസുകളിൽ മഴവെള്ളം നിറയുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുന്നൊരുക്കവുമായി ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). അപകട സംഭവങ്ങൾ ഒഴിവാക്കാനായി അണ്ടർപാസുകളിൽ ബിബിഎംപി അടയാളമിട്ടു തുടങ്ങി. അണ്ടർപാസുകളുടെ ഒരു വശത്തായി അപകട ജലനിരപ്പ് ചുവന്ന നിറത്തിലുള്ള ടേപ്പ് അല്ലെങ്കിൽ പെയിൻ്റ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്. അണ്ടർപാസുകളിൽ വെള്ളം നിറയുന്ന സാഹചര്യത്തിൽ അടയാളം കാണാൻ സാധിച്ചില്ലെങ്കിൽ ഡ്രൈവർമാർ വാഹനം ഇറക്കരുതെന്നാണ് ബിബിഎംപിയുടെ നിർദേശം.
നഗരത്തിൽ റെയിൽവേയുടെ 18 അണ്ടർപാസുകൾ ഉൾപ്പെടെ 53 അണ്ടർപാസുകളാണ് ഉള്ളത്. എൻഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദിൻ്റെ മേൽനോട്ടത്തിൽ അണ്ടർപാസുകളുടെ സുരക്ഷാ ഓഡിറ്റ് ബിബിഎംപി നടത്തിയിരുന്നു. മഴയെ തുടർന്ന് അണ്ടർപാസുകളിൽ വാഹനങ്ങൾ മുങ്ങിപ്പോകുന്ന സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെആർ സർക്കിളിൽ കഴിഞ്ഞ വർഷം മെയ് 21ന് ഒരു സ്ത്രീയടക്കം വാഹനം മുങ്ങിപ്പോയിരുന്നു. ഇത്തരത്തിലുള്ള അപകട സംഭവങ്ങൾ ഒഴിവാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്.
അണ്ടർപാസുകളിലെ അപകടം ഒഴിവാക്കാനായി മൂന്ന് പ്രതിരോധ മാർഗങ്ങളാണ് ബിബിഎംപി സ്വീകരിച്ചിട്ടുള്ളത്. കനത്ത മഴയിൽ വാഹന ഗതാഗതം നിരോധിക്കാനായി അണ്ടർപാസുകൾക്ക് മുന്നിൽ ട്രാഫിക് പോലീസ് ബാരിക്കേഡ് സ്ഥാപിക്കുന്നതാണ് അതിൽ ഒന്ന്. മറ്റൊന്നാണ്, അണ്ടർപാസുകളിലെ അപകട ജലനിരപ്പ് ചുവന്ന നിറത്തിലുള്ള ടേപ്പ് അല്ലെങ്കിൽ പെയിൻ്റ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്നത്. അണ്ടർപാസുകളിൽ വെള്ളം നിറയുന്ന സാഹചര്യത്തിൽ അടയാളം കാണാൻ സാധിച്ചില്ലെങ്കിൽ പൊതുജനം വാഹനവുമായി പ്രവേശിക്കരുതെന്ന് ബിബിഎംപി എൻഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു.