ബംഗളൂരു: കർണാടക ആർ.ടി.സി ഡ്രൈവർ കുട ചൂടി ബസ് ഓടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ബി.ജെ.പി സർക്കാർ വിരുദ്ധ പ്രചാരണമായി ഏറ്റുപിടിച്ചു.
ഇതോടെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ അധികൃതർ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു. ധാർവാഡില്‍ കനത്ത മഴയില്‍ ചോർന്നൊലിക്കുന്ന ബസില്‍ യാത്രക്കാർ മുഴുവൻ നനയുന്നു, ഡ്രൈവർ കുടപിടിച്ചാണ് ബസ് ഓടിക്കുന്നത് എന്നായിരുന്നു വിഡിയോയിലെ വിവരണം.
എന്നാല്‍, അന്വേഷണത്തില്‍ അറിവായ കാര്യം ഗതാഗതമന്ത്രി പറയുന്നത് ഇങ്ങനെ: ‘മേയ് 23നാണ് ഈ ദൃശ്യം പകർത്തിയത്. ധാർവാഡ് ഡിപ്പോയിലെ ഈ ബസ് ബെട്ടഗേരി-ധാർവാഡ് റൂട്ടില്‍ സർവിസ് നടത്തുകയായിരുന്നു. ഡ്രൈവർ ഹനുമന്തപ്പയും കണ്ടക്ടർ അനിതയുമല്ലാതെ ബസില്‍ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം 4.30തോടെ ഡ്രൈവർ വനിത കണ്ടക്ടറോട് കുട വാങ്ങി ചൂടി വിഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു.
ബസില്‍ എവിടെയും ചോർച്ചയില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഡ്രൈവർ ആ രീതിയില്‍ പരാതിയും നല്‍കിയിട്ടില്ല. നിരുത്തരവാദപരമായ പെരുമാറ്റം, കെ.എസ്.ആർ.ടി.സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം എന്നിവ മുൻനിർത്തി ഇരുവരെയും സസ്പെൻഡ് ചെയ്തു’.