ബംഗളൂരു: പത്താം ക്ലാസ് പരീക്ഷയില്‍ ഉയർന്ന മാർക്ക് നേടിയ സർക്കാർ പ്യൂണിന്റെ അക്കാഡമിക് രേഖകള്‍ പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലാണ് സംഭവം. കൊപ്പിലിലെ ഒരു പ്രാദേശിക കോടതിയാണ് ഉത്തരവിട്ടത്.
23കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെ ആണ് പത്താം ക്ലാസ് പരീക്ഷയില്‍ 99.5 ശതമാനം മാർക്ക് നേടി കോടതിയില്‍ പ്യൂണായി ജോലി നേടിയത്. റായ്ച്ചൂർ ജില്ലയിലെ സിന്ധനൂർ താലൂക്കിലാണ് ലോകരെ താമസിക്കുന്നത്. ഏഴാം ക്ലാസ് പഠനത്തിന് ശേഷം ഇയാള്‍ കൊപ്പല്‍ കോടതിയില്‍ ശുചീകരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചു.
2024 ഏപ്രില്‍ 22ന്, പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തില്‍ പ്യൂണ്‍ റിക്രൂട്ട്മെന്റില്‍ ലോകരെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അന്തിമ മെരിറ്റ് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ അതില്‍ ഇയാളുടെ പേരുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ലോകരെ കൊപ്പല്‍ കോടതിയില്‍ പ്യൂണായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
പലപ്പോഴും വായിക്കാനും എഴുതാനും ലോകരെ ബുദ്ധിമുട്ടുന്നത് പ്രാദേശിക കോടതി ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്നാണ് ഇയാളുടെ സർട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാൻ ജഡ്ജി പൊലീസുകാരോട് നിർദേശിച്ചത്.
ഏപ്രില്‍ 26നാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്. അന്വേഷണത്തില്‍ ഏഴാം ക്ലാസിന് ശേഷം ലോകരെ നേരിട്ട് പത്താം ക്ലാസ് പരീക്ഷയെഴുതി മുഴുവൻ മാർക്കും നേടിയെന്ന് കണ്ടെത്തി. 625ല്‍ 625 മാർക്കും നേടിയിട്ടും ഇയാള്‍ക്ക് കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനോ വായിക്കാനോ അറിയില്ല. ലോകരെയെപ്പോലുള്ളവർ മറ്റ് സർക്കാർ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ലോകരെയുടെ കൈയക്ഷരവും അയാളുടെ പത്താം ക്ലാസ് ഉത്തരക്കടലാസും തമ്മില്‍ താരതമ്യം ചെയ്യണമെന്നും ജഡ്ജി നിർദേശിച്ചു.