ബംഗളൂരു: കൊതുകുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന വൈറല്‍ അണുബാധ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്ഥിരീകരിച്ചതിനെത്തുടർന്ന് കേരള-കർണാടക അതിർത്തികളില്‍ ജാഗ്രത നിർദേശം.
ആരോഗ്യപ്രവർത്തകർ മൈസൂരു-മാനന്തവാടി റോഡില്‍ ബാവലി ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തി. എച്ച്.ഡി. കോട്ട ആരോഗ്യ കുടുംബക്ഷേമ ഓഫിസർ ഡോ. ഗോപിനാഥ്, താലൂക്ക് ആരോഗ്യ ഓഫിസർ ഡോ. ടി. രവികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞ് പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവർക്ക് ആരോഗ്യപ്രവർത്തകർ ബോധവത്കരണവും നടത്തുന്നുണ്ട്. ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ പ്രദേശത്തിന്റെ പേരിലുള്ള ഈ വൈറസ് 1937ല്‍ കണ്ടെത്തിയതാണ്. ഇത് ചില രോഗികളില്‍ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്ക് കാരണമാകും.