ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയില്‍ 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗിരീഷ് വിശ് സാവന്ത് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ഓടിരക്ഷപ്പെട്ടയാള്‍ ഗിരീഷ് തന്നെയാണെന്ന് ഹുബ്ബള്ളി പൊലീസ് കമീഷണർ രേണുഖ സുകുമാർ പറഞ്ഞു. ഗിരീഷ് കൊലപാതകം നടത്തി രക്ഷപ്പെടുന്നതിനിടെ ദാവങ്കരയില്‍ വെച്ച് വിശ്വമാനവ എക്സ്പ്രസ് ട്രെയിനില്‍ മറ്റൊരു യാത്രക്കാരിയെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റെയില്‍വേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മുഖത്ത് പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഹുബ്ബള്ളി പൊലീസിന് കൈമാറുകയായിരുന്നു.
ഇരു ചക്രവാഹന മോഷണവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ പേരില്‍ നാല് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹുബ്ബള്ളിയില്‍ സമാന സ്വഭാവത്തില്‍ കൊല്ലപ്പെട്ട നേഹ ഹിരമതിന്റെ അനുഭവമുണ്ടാകുമെന്ന് ഗിരീഷ് അഞ്ജലിയെ ഭീഷണിപ്പെടുത്തിയിരുന്നതായി അഞ്ജലിയുടെ സഹോദരി പറഞ്ഞിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസ് അവഗണിച്ചെന്നും അവർ പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന ബന്ധുക്കളുടെ പരാതി അവഗണിച്ചതിന് കഴിഞ്ഞ ദിവസം ബെൻഡിഗേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ചന്ദ്രകാന്ത്, കോണ്‍സ്റ്റബ്ള്‍ രേഖ ഹവറെഡ്ഡി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സമാന സ്വഭാവത്തിലുള്ള കേസുകള്‍ കർണാടകയില്‍ സമീപ കാലത്തായി വർധിച്ചിട്ടുണ്ട്. ക്രമസമാധാനം അവതാളത്തിലായെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
തുടർച്ചയായ അക്രമങ്ങള്‍; കാരണമന്വേഷിക്കുമെന്ന് സർക്കാർ
ബംഗളൂരു: ഹുബ്ബള്ളിയില്‍ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഇത്തരം ആവർത്തിച്ചുള്ള സംഭവങ്ങളിലേക്ക് നയിച്ചേക്കാവുന്ന മറ്റ് ഘടകങ്ങളെക്കുറിച്ചും പഠിക്കുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.
ഹുബ്ബള്ളിയില്‍ ഗിരീഷ് സാവന്ത് എന്ന യുവാവ് വിവാഹാഭ്യർഥന നിരസിച്ചതിന് അഞ്ജലി എന്ന യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്നതിന് ഏതാനും ദിവസം മുമ്ബാണ് നേഹ ഹിരേമത് എന്ന വിദ്യാർഥിയെ സമാന വിഷയത്തില്‍ ഫായിസ് എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ, ഇത്തരം കൊലപാതകങ്ങളില്‍ മറ്റെന്തെങ്കിലും ഘടകങ്ങളോ കാരണങ്ങളോ ഉണ്ടോ എന്നും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതിനാല്‍ എന്താണ് കാരണമെന്ന് കണ്ടെത്തേണ്ടതുണ്ട്, പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. എ.ഡി.ജി.പിയെ ഹുബ്ബള്ളിയിലേക്ക് അയക്കുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികള്‍ക്ക് നിയമമനുസരിച്ച് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നടപടിയെടുക്കുമെന്നും പരമേശ്വര ഉറപ്പ് നല്‍കി.