ബെംഗളൂരു: ജീവനക്കാരുടെ മിന്നല്‍ സമരത്തിന്റെ പേരില്‍ വ്യാപകമായ വിമർശനങ്ങള്‍ കേട്ട എയർ ഇന്ത്യയ്ക്ക് തലവേദനയാവുകയാണ് വിമാനങ്ങളുടെ തകരാറുകള്‍. 5 ദിവസത്തിനിടെ സർവ്വീസ് ആരംഭിച്ച ശേഷം എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത്. ഇന്നലെ ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വലിയ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
ബംഗ്ളൂരുവില് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യാ എക്സ്പ്രസിന്റെ എഞ്ചിൻ ഭാഗത്ത് അഗ്നിബാധയുണ്ടായതോടെ ഫ്ലൈറ്റ് അടിയന്തിരമായി തിരികെ ഇറക്കുകയായിരുന്നു. വിമാനം പറന്നുയര്ന്ന ഉടന് തീ പിടിക്കുകയായിരുന്നു എന്നാണ് വിവരം.വിമാനത്തിന്റെ വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. തീ കണ്ട് യാത്രക്കാര് ബഹളം വെച്ചതിനെ തുടർന്ന് എമര്ജന്സി ലാന്ഡിങ് നടത്തിയതോടെ വന് ദുരന്തമാണ് ഒഴിവായത്.
അഗ്നിബാധ കണ്ടതോടെ രാത്രി 11.12 ഓടെയാണ് വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനമൊരുക്കിയിട്ടുണ്ടെന്നും രാവിലെ 9.30നുള്ള വിമാനത്തില്‍ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. അതേ സമയം യാത്ര മുടങ്ങിയതോടെ നിരവധി യാത്രക്കാരാണ് എയർ ഇന്ത്യയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിമാനം തിരിച്ചിറക്കിയ ഉടൻ തന്നെ തീ അണയ്ക്കാനായെന്ന് വിമാനത്താവള അധികൃതര് അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില് ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ തകരാർ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും എയർ ഇന്ത്യ വ്യക്തമാക്കി.
മെയ് 17 ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം പൂനെ എയർപോർട്ട് റണ്‍വേയില്‍വച്ച് ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ചിരുന്നു. 180 യാത്രക്കാരുമായി യാത്ര തിരിക്കാനിരുന്ന വിമാനമാണ് വ്യാഴാഴ്ച അപകടത്തില്‍ പെട്ടത്. കൂട്ടിയിടിയില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കൊന്നും പറ്റിയിരുന്നില്ല.
തൊട്ട് മുമ്ബുള്ള ദിവസം ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം എയർ കണ്ടീഷനിംഗ് യൂണിറ്റിന് തീപിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നിരുന്നു. 175 യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനമാണ് അടിയന്തിര സാഹചര്യത്തെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നത്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എയർ ഇന്ത്യയുടെ മറ്റൊരു സർവ്വീസ് കൂടി അഗ്നിബാധയെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നിരിക്കുന്നത്.