മംഗളൂരു: ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്ക് എം.ഡി.എം.എ. കടത്താൻ ശ്രമിച്ച നാല് യുവാക്കള്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയില്‍. ഇവരില്‍നിന്ന് ആറരലക്ഷം രൂപ വിലവരുന്ന 270 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. അഡ്ഡൂർ സ്വദേശികളായ മുഹമ്മദ് അമീൻ റാഫിഹ് (24), മുഹമ്മദ് സിനാൻ അബ്ദുള്ള (23), ബന്ദറിലെ മുഹമ്മദ് നുഹ്‌മാൻ (22), ഉള്ളാള്‍ സ്വദേശി മുഹമ്മദ് സഫീല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. അടുത്തകാലത്ത് മംഗളൂരുവില്‍ നടന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്.
മംഗളൂരുവിലേക്ക് കാറില്‍ മയക്കുമരുന്ന് കൊണ്ടുവരുമ്ബോള്‍ ദർളകട്ടെയില്‍ വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. നാല് മൊബൈല്‍ഫോണ്‍, ഡിജിറ്റല്‍ തൂക്കുയന്ത്രം, കാർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തിലും മംഗളൂരുവിലും വില്‍ക്കുന്നത് പതിവായിരുന്നു. മുഹമ്മദ് അമീൻ റാഫിക്കെതിരേ മയക്കുമരുന്ന് കടത്തിയതിന് മംഗളൂരു സൗത്ത് സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.