ബംഗളൂരു: ബി.എം.ടി.സി ബസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ യു.പി.ഐ തകരാർ പരിഹരിച്ചതായി ബി.എം.ടി.സി അധികൃതർ അറിയിച്ചു.
സർവർ പണിമുടക്കിയത് കാരണം യാത്രക്കാർക്ക് ടിക്കറ്റെടുക്കുമ്ബോള്‍ യു.പി.ഐ വഴി പണമടക്കാൻ സാധിക്കാത്തത് ദുരിതയാത്രയായിരുന്നു സമ്മാനിച്ചത്. എന്നാല്‍, പേമെന്റ് ആപ്പിന്റെ സുരക്ഷ ഫീച്ചറുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സേവനം തടസ്സപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. തകരാർ കാരണം എയർപോർട്ട് സർവിസ് നടത്തുന്ന പ്രീമിയം ബസുകളിലാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെട്ടത്.
യു.പി.ഐ സേവനം പ്രവർത്തിക്കില്ലെന്ന് പലരും ബസില്‍ കയറിയശേഷമാണറിഞ്ഞത്. ഇത് പണം കൈയില്‍ കരുതാതെ യു.പി.ഐയെ മാത്രം ആശ്രയിച്ച് യാത്രക്കെത്തിയവർക്ക് കടുത്ത തലവേദനയായിരുന്നു. ഇനി ബസുകളില്‍ യു.പി.ഐ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.