ബംഗളൂരു: ഇന്നലെ ബംഗളൂരുവിലുണ്ടായ മഴയില്‍ കോമ്ബഗൗഡ ഇന്റർനാഷനല്‍ എയർപോർട്ടിലേക്കുള്ള ഒമ്ബത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാത്രി 11:18നും 11:54നുമിടയില്‍ ഒറ്റവിമാനം പോലും എയർപോർട്ടിലിറങ്ങാൻ സാധിച്ചില്ല. നാല് അന്താരാഷ്ട്ര വിമാനങ്ങളും ഏഴ് ആഭ്യന്തര വിമാനങ്ങളുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. എയർ ഇന്ത്യ, ആകാശ എയർ, അലയൻസ് എയർ, വിസ്താര, എയർ ഏഷ്യ എന്നീ വിമാനങ്ങളുടെ ആഭ്യന്തര സർവിസും ബാങ്കോക്കില്‍നിന്നുള്ള തായ് എയർവേസ്, തായ് ലയണ്‍ എയർവേസ്, പാരിസില്‍നിന്നുള്ള എയർ ഫ്രാൻസ്, ആംസ്റ്റർഡാമിനിന്നുള്ള കെ.എല്‍.എം എന്നിവക്കാണ് കനത്ത മഴ കാരണം എയർപോർട്ടില്‍ ഇറങ്ങാൻ കഴിയാതെവന്നത്.
അർധരാത്രിക്കുശേഷം സർവിസുകള്‍ പുനഃസ്ഥാപിച്ചു. ഇലക്‌ട്രോണിക് സിറ്റിക്കടുത്ത് രുപേന അഗ്രഹാര, ബന്നാർഗട്ട റോഡിലെ ബിലെക്കഹള്ളി തുടങ്ങി പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒരാഴ്ചത്തേക്ക് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നു. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉത്തര കർണാടകയിലും ദക്ഷിണ കന്നടയിലും കനത്ത മഴ ലഭിച്ചിരുന്നു. മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മൂന്നുപേർ മിന്നലേറ്റും ഒരാള്‍ മരം വീണുമാണ് മരണപ്പെട്ടത്. കനത്ത കാറ്റിനെയും മഴയെയും തുടർന്ന് വിജയപുരയില്‍ ഏക്കർ കണക്കിന് നെല്‍കൃഷിയും വാഴത്തോട്ടങ്ങളും കരിമ്ബും നശിച്ചു. കോലാറിലും ചിക്കബല്ലാപുരയിലും ഹൊസ്പേട്ടില്‍ നിരവധി സ്ഥലങ്ങളിലാണ് മരങ്ങള്‍ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. കോലാറില്‍ കാർഷികവിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. കൊപ്പാല്‍, ബിദർ, കലബുറഗി എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. ഹുബ്ബള്ളിയില്‍ വ്യവസായ കോംപ്ലക്സിന്റെ മതില്‍ തകർന്ന് വീണ് 20 ബൈക്കുകളാണ് നശിച്ചത്. മൈസൂരു, ചാമരാജ്നഗർ, ഹാസൻ ജില്ലകളിലും പേമാരിയും ഇടിമിന്നലുമായിരുന്നു.