ബംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലെ നാഗസാന്ദ്ര മുതല്‍ മാധവാര വരെയുള്ള ഭാഗം ജൂലൈ അവസാനത്തോടുകൂടി പ്രവർത്തിച്ചു തുടങ്ങും.അഞ്ചു വർഷത്തെ നീണ്ട കാത്തിരിപ്പിനായിരിക്കും ഇതോടെ അറുതിയാവുക.
3.7 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ഭാഗത്ത് മഞ്ജുനാഥ് നഗർ, ചിക്കബിദറക്കല്ലു (ജിൻഡാല്‍ നഗർ), മാധവാര എന്നീ സ്റ്റേഷനുകളാണുള്ളത്. 298 കോടി ചിലവ് വരുന്ന ഈ ഭാഗം 2019ല്‍ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു.
ഈ പാത തുറക്കുന്നതോടെ മടനയകനഹള്ളി, മകലി വില്ലേജ്, നെലമംഗല തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഏറെ സൗകര്യമായിരിക്കും. അവസാനഘട്ട മിനുക്കുപണികളും ട്രയല്‍ റണ്ണുമാണ് പ്രധാനമായും ബാക്കിയുള്ളത്. മെട്രോ റെയില്‍ സേഫ്റ്റി കമീഷണറുടെ പരിശോധനകൂടി കഴിഞ്ഞശേഷം യാത്രക്കാർക്ക് തുറന്നുകൊടുക്കും.
യെല്ലോ ലൈനിലേക്കുള്ള കോച്ചുകള്‍ ആഗസ്റ്റിലെത്തും
ബംഗളൂരു മെട്രോയുടെ ആർ.വി റോഡ് മുതല്‍ ഇലക്‌ട്രോണിക് സിറ്റിക്കടുത്തുള്ള ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിലേക്കുള്ള മെട്രോ കോച്ചുകള്‍ ആഗസ്റ്റിലെത്തും. കൊല്‍ക്കത്ത ആസ്ഥാനമായ ടിറ്റഗർഹ് റെയില്‍ സിസ്റ്റംസ് നിർമിക്കുന്ന ഡ്രൈവർ രഹിത കോച്ചുകള്‍ ആദ്യഘട്ടത്തില്‍ ട്രെയിൻ ഓപറേറ്ററെ വെച്ചായിരിക്കും സർവിസ് നടത്തുക. ചൈന റെയില്‍വേ റോളിങ് സ്റ്റോക് കോർപറേഷനാണ് കോച്ചുകളുടെ നിർമാണത്തിനുള്ള കരാർ ഏറ്റെടുത്തത്.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിനേക്കാളും കുറഞ്ഞ തുക ക്വോട്ട് ചെയ്താണ് ചൈനീസ് കമ്ബനി കരാർ നേടിയത്. ഇന്ത്യയില്‍ നിർമാണ ശാലകളില്ലാത്തതിനാല്‍ പങ്കാളിയായി ടിറ്റഗർഹ് റെയില്‍ സിസ്റ്റംസിനെ കൂട്ടുകയായിരുന്നു. ഡ്രൈവർരഹിത കോച്ചിന്റെ ആദ്യരൂപം ചൈനയില്‍ നിന്നും ചെന്നൈ തുറമുഖം വഴി കഴിഞ്ഞ ഫെബ്രുവരി മധ്യത്തില്‍ ബംഗളൂരുവിലെത്തിയിരുന്നു. അതിന്റെ പരീക്ഷണ ഓട്ടങ്ങളും സുരക്ഷ പരിശോധനയും പൂർത്തിയാക്കാൻ ആറു മാസമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.
യെല്ലോ ലൈനിന്റെ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാനുള്ള സമയപരിധി 2024 ഡിസംബർ ആയി പുനർനിശ്ചയിച്ചിരുന്നു. സിവില്‍ വർക്കുകള്‍ പൂർത്തിയായ ലൈനില്‍ ട്രെയിനുകളെത്താത്തതാണ് ഇനി തടസ്സം. യെല്ലോ ലൈൻ ആർ.വി റോഡ് സ്റ്റേഷനില്‍ വെച്ച് ഗ്രീൻ ലൈനുമായും ജയദേവ ഹോസ്പിറ്റല്‍ സ്റ്റേഷനില്‍ വെച്ച് പിങ്ക് ലൈനുമായും ബന്ധിപ്പിക്കുന്നുണ്ട്.