ന്യൂഡല്‍ഹി: ലോക്സഭ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.
തെലങ്കാന- 17, ആന്ധ്രാപ്രദേശ് -25, ഉത്തർപ്രദേശ്- 13, ബിഹാർ – അഞ്ച്, ഝാർഖണ്ഡ് – നാല്, മധ്യപ്രദേശ് – എട്ട്, മഹാരാഷ്ട്ര- 11, ഒഡിഷ – നാല്, പശ്ചിമ ബംഗാള്‍-എട്ട്, ജമ്മുകശ്മീർ -ഒന്ന് എന്നിങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരില്‍ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. കശ്മീർ ലോക്സഭ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (കനൗജ്), കേന്ദ്രമന്ത്രി ഗിരിരാജ് സിങ് (ബെഗുസാരായ്), തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയ്ത്ര (കൃഷ്ണനഗർ), എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി (ഹൈദരാബാദ്), കോണ്‍ഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി (ബഹറാംപുർ), വൈ.എസ് ശർമിള (കടപ്പ) തുടങ്ങിയവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖർ. ബി.ജെ.പി നേതൃത്വം നല്‍കുന്ന എൻ.ഡി.എയിലെ 40ലധികം എംപിമാർ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ്.
1,717 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 7.70 കോടി വോട്ടർമാരാണ് വിധിയെഴുതുക. 543 അംഗ ലോക്സഭയില്‍ 283 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. അഞ്ചാംഘട്ടം മേയ് 20നാണ്. ഏഴു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.