ബംഗളൂരു: നഗരഹൃദയത്തിലെ ലാവെല്ലെ റോഡില്‍ പുതുതായി രജിസ്റ്റർ ചെയ്ത ഹോണ്ട എലിവേറ്റ് എസ്.യു.വിയില്‍ കൂറ്റൻ പടുമരം കടപുഴകി. മരത്തിന്റെ ഉള്ള് പൊള്ളയായതിനാല്‍ ആളപായമില്ല. കാറിന്റെ മുകള്‍ ഭാഗം തകർന്നു.
കബ്ബണ്‍ പാർക്ക് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഒരു ഇൻസ്റ്റിറ്റ്യൂട്ട് കോമ്ബൗണ്ടിന്റെ മതിലിന് പുറത്തേക്ക് തള്ളിനിന്ന മരം വർഷങ്ങളായി ഉണങ്ങിക്കിടക്കുകയായിരുന്നു. നടപ്പാതയിലുള്ള മരം ബി.ബി.എം.പിയുടെ പൊതു സ്വത്താണെന്നും ഇൻസ്റ്റിറ്റ്യൂട്ടിന് ഉത്തരവാദിത്തം ഇല്ലെന്നും ഓണററി സെക്രട്ടറി എച്ച്.എസ്. ശ്രീകാന്ത് അവകാശപ്പെട്ടു.