ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് കർണാടകത്തിൽ നടപ്പാക്കിയ നാലുവർഷ ഓണേഴ്സ് ബിരുദകോഴ്സുകൾ അവസാനിപ്പിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ ഇത്തരം കോഴ്സുകളുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സർവകലാശാലകളെ അറിയിച്ചു. കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് ഏഴിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും.
നേരത്തേ സംസ്ഥാന വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റി നാലുവർഷ ബിരുദം അവസാനിപ്പിക്കണമെന്ന ഇടക്കാല റിപ്പോർട്ട് സർക്കാറിന് കൈമാറിയിരുന്നു. 2021- 22 അധ്യയന വർഷത്തിലാണ് സംസ്ഥാനത്ത് നാലുവർഷ ഓണേഴ്സ് ബിരുദകോഴ്സുകൾ തുടങ്ങിയത്. മൂന്നുവർഷ ബിരുദ കോഴ്സുകൾക്ക് പുറമേയായിരുന്നു ഇത്.നാലുവർഷ ഓണേഴ്സ് ബിരുദത്തിൽ താത്പര്യം കാണിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറവാണെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തൽ.
അതേസമയം, നിലവിൽ നാലുവർഷബിരുദ കോഴ്സുകൾ തിരഞ്ഞെടുത്തവർക്ക് നൽകേണ്ട സർട്ടിഫിക്കറ്റ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. തിരഞ്ഞെടുപ്പിനുശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ ഇതുസംബന്ധിച്ച വ്യക്തതയുണ്ടാകുമെന്നാണ് വിവരം.