ബെംഗളുരു: കൊവിഡ് രോഗികള്‍ക്ക് കിടക്ക അനുവദിക്കുന്നതിലെ അഴിമതി വര്‍ഗ്ഗീയവല്‍ക്കരിച്ചതിന് പിന്നാലെ ബിജെപി എംപി പുറത്തുപോകാന്‍ ആവശ്യപ്പെട്ടവരില്‍ 11 പേരെ തിരിച്ചെടുത്തു. ബെംഗളുരുവിലെ സൌത്ത് സോണിലെ വാര് റൂമില്‍ നിന്ന് ബിജെപി എംപി തേജസ്വി സൂര്യയാണ് മുസ്ലിം നാമധാരികളായ പതിനാറുപേരെ പുറത്താക്കിയത്. ബൃഹത് ബെംഗലുരു മഹാനഗര പാലിക ഓഫീസിലെത്തി എംപി ക്ഷോഭിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനിടയിലാണ് 16 മുസ്ലിം ജീവനക്കാരുടെ പേരുകള്‍ തേജസ്വി സൂര്യ ഉറക്കെ പറഞ്ഞത്.
ഇതിന് പിന്നാലെയായിരുന്നു കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണം തേജസ്വി സൂര്യ ഉയര്‍ത്തുന്നതും
ഇതോടെ തേജസ്വി സൂര്യ പേരുകള്‍ വിളിച്ച പതിനാറുപേരും ഈ അഴിമതിയില്‍ പങ്കുള്ളവരാണെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. തേജസ്വി സൂര്യ ആരോപണം ഉന്നയിച്ച പതിനാറുപേരെ ചോദ്യം ചെയ്തെന്നും എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നുമാണ് അഴിമതി ആരോപണം പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
പുറത്താക്കിയ പതിനാറുപേരില്‍ പതിനൊന്ന് പേര് സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇവരെ തിരിച്ചെടുത്തതായും ബിബിഎം പി തലവന്‍ തുളസി മഡിനേനി പറഞ്ഞു. മറ്റുള്ളവര്‍ സസ്പെന്ഷന് പിന്‍വലിച്ച് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇദ്ദേഹം വിശദമാക്കി. ഈ പതിനാറുപേരും കോളേജ് വിദ്യാര്‍ഥികളാണ്. ഇവരില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു കിടക്കകള്‍ അനുവദിക്കുന്ന വിഭാഗത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്നത്. കൊവിഡ് മരണം, ഡിസ്ചാര്‍ജ്ജ്, ഹോം ഐസൊലേഷന്‍ അടക്കമുള്ള വിഭാഗങ്ങളിലാണ് ഇവര്‍ വാര് റൂമില്‍ ജോലി ചെയ്യുന്നത്.
അഴിമതി ആരോപണം വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടതില്‍ ബിജെപി എം പി തേജസ്വി സൂര്യ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. ജോയിന്റ് കമ്മീഷണര്‍ നല്കിയ ലിസ്റ്റ് വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് തേജസ്വി സൂര്യയുടെ വിശദീകരണം. എന്നാല്‍ ഈ പട്ടിക എംപിക്ക് നല്കിയതിനേ സംബന്ധിച്ച് ബിബിഎംപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ബാംഗ്ലൂർ മലയാളി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #IndiaFightsCorona