ബംഗളൂരു: സംസ്ഥാന പൊലീസിന് കീഴിലെ ഹൈവേ പട്രോളിങ് വാഹനങ്ങളില്‍ ഡാഷ്ബോർഡ് കാമറകള്‍ ഘടിപ്പിക്കുന്നു. പൊലീസുകാർക്ക് ദേഹത്ത് ഘടിപ്പിക്കാവുന്ന കാമറകളും നിർബന്ധമാക്കും.
നിലവില്‍ ബംഗളൂരുവിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഇത്തരം കാമറകള്‍ ഉപയോഗിക്കുന്നത്. നഗരത്തിലെ പൊലീസ് വാഹനങ്ങളില്‍ ഇൗയടുത്താണ് ഡാഷ്ബോർഡ് കാമറകള്‍ ഘടിപ്പിച്ചത്. ഇത് അടിയന്തര ഘട്ടങ്ങളിലെയും ആ സമയത്തെ പൊലീസിന്റെ നടപടികളെയും പിന്നീട് പരിശോധിക്കണമെങ്കില്‍ സഹായകമാവും.
സിറ്റി പൊലീസ് കമീഷണറുടെയും അഡീഷനല്‍ കമീഷണർമാരുടെയും വാഹനങ്ങളിലുള്‍പ്പെടെ ഇതുവരെ 500ലധികം വാഹനങ്ങളിലാണ് കാമറ സ്ഥാപിച്ചത്. അപകടം, ബ്രേക്ക് ഡൗണ്‍, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ഹൈവേ പട്രോളിങ് വാഹനങ്ങള്‍ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും ഇത്തരം ഘട്ടങ്ങളില്‍ ഇൗ കാമറകള്‍ ഏറെ ഉപകാരപ്പെടുമെന്നും അഡീഷനല്‍ ജനറല്‍ ഒാഫ് പൊലീസ്, അലോക് കുമാർ പറഞ്ഞു.
ഇവ വിവിധ തരത്തിലാണ് ഉപകാരപ്പെടുക. യഥാസമയത്തെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനാല്‍ അവ തെളിവുകളാണ്. അതോടൊപ്പം അപകടങ്ങളുടെ വിഡിയോ ലഭിക്കുന്നതോടെ അവ പഠനവിധേയമാക്കാൻ കഴിയും. ജീവനക്കാരെ നിരീക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2022ല്‍ ഹൈവേകളില്‍ 9800 അപകടം റിപ്പോർട്ട് ചെയ്തതില്‍ 12,839 പേർക്ക് പരിക്കേല്‍ക്കുകയും 3278 ജീവനുകള്‍ പൊലിയുകയുംചെയ്തു.