ന്യൂഡല്‍ഹി : പ്രമുഖ ബേബി ഫുഡ് നിർമാതാക്കളായ നെസ്ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെർലാക് അടക്കമുള്ളവയില്‍ ഉയർന്ന അളവില്‍ പഞ്ചസാര ചേർക്കുന്നതായി അന്വേഷണ റിപ്പോർട്ട്. സ്വിസ് ഇൻവെസ്റ്റിഗേറ്റീവ് ഓർഗനൈസേഷനായ പബ്ലിക് ഐയും ഇൻറർനാഷണല്‍ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വില്‍ക്കുന്ന കമ്ബനിയുടെ ബേബി ഫുഡ് ഉല്‍പന്നങ്ങളുടെ സാമ്ബിളുകള്‍ ബെല്‍ജിയൻ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജർമനി, ഫ്രാൻസ്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ നെസ്‌ലെ വില്‍ക്കുന്ന സെറലാക്കില്‍ പഞ്ചസാര ചേർത്തിട്ടില്ലെന്നും അതേ ഉല്‍പന്നത്തില്‍ വികസ്വര രാജ്യങ്ങളില്‍ പഞ്ചസാര ചേർക്കുന്നുണ്ടെന്നും പബ്ലിക് ഐയുടെ റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം തങ്ങള്‍ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അഞ്ച് വർഷത്തിനുള്ളില്‍ 30 ശതമാനം വരെ പഞ്ചസാരയുടെ അളവ് കുറച്ചുവെന്നും നെസ്‌ലെ അവകാശപ്പെട്ടു. ഇത്തരം ഉല്‍പന്നങ്ങളുടെ പാക്കേജിങ്ങില്‍ ലഭ്യമായ പോഷക വിവരങ്ങളില്‍ ചേർത്ത പഞ്ചസാരയുടെ അളവ് പലപ്പോഴും വെളിപ്പെടുത്താറില്ല. ബേബി ഉല്‍പന്നങ്ങളില്‍ അമിതമായി പഞ്ചസാര ചേർക്കുന്നത് അപകടമാണ്. കുട്ടികള്‍ക്ക് മധുരം നല്‍കുന്നത് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
2022ല്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ പഞ്ചസാരയും മധുരവും കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. 2022ല്‍ ഇന്ത്യയില്‍ 20,000 കോടിയിലധികം രൂപയുടെ സെറിലാക്ക് ഉല്‍പന്നങ്ങളാണ് നെസ്‌ലെ വിറ്റത് എന്നാണ് കണക്കുകള്‍.