ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മുമ്പ് നോട്ട് നല്കിയാല് ചില്ലറ കിട്ടിയില്ലെന്ന് പറഞ്ഞുള്ള തര്‍ക്കങ്ങള്‍ വ്യാപകമായിരുന്നു. ഇടപാടുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ ‘ചില്ലറ’ പ്രശ്നങ്ങള്‍ നമ്മളെ അത്രയ്ക്ക് ബാധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തിലൂടെ ബസില്‍ ടിക്കറ്റ് എടുത്തതിന് ഒരു രൂപ ചില്ലറ നല്‍കാത്തതിന് കണ്ടക്ടര്‍ തനിക്ക് അഞ്ച് രൂപ മടക്കി തന്നില്ലെന്ന ഒരു യുവാവിന്റെ പരാതി പെട്ടെന്ന് തന്നെ വൈറലായി. ബെംഗളൂരു നഗരത്തിലാണ് സംഭവം. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോർപ്പറേഷന്റെ ബസിലാണ് സംഭവം. ബസ് ടിക്കറ്റ് പങ്കുവച്ച് നിധിന് കൃഷ്ണ എന്നയാളാണ് തന്റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ സംഭവത്തെ കുറിച്ച് എഴുതിയത്.
‘കണ്ടക്ടറുടെ കൈയില്‍ ഒരു രൂപ ചില്ലറ ഇല്ലാതത്തിനാല്‍ എനിക്ക് അഞ്ച് രൂപ നഷ്ടമായി. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?’ ബസ് ടിക്കറ്റ് പങ്കുവച്ച് കൊണ്ട് നിധിന് കൃഷ്ണ ചോദിച്ചു. മറ്റൊരു കുറിപ്പില്‍ നിധിന് ഇങ്ങനെ എഴുതി. ‘ഓരോ തവണയും എനിക്ക് എന്റെ പണം നഷ്ടപ്പെടണോ? ഒന്നുങ്കില്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് കണ്ടക്ടര്‍ ആവശ്യമായ ചില്ലറകള്‍ കരുതുക. അതല്ലെങ്കില്‍ ഓണ്‍ലൈന്‍ പേമെന്റിലേക്ക് പോവുക.’ ഇന്നും ഹ്രസ്വ ദൂര ബസ് യാത്രകളില്‍ പണം നേരിട്ട് ഉപയോഗിക്കുന്ന പതിവാണ് ഉള്ളത്. കുറിപ്പ് വൈറലായതിന് പിന്നാലെ ബിഎംടിസി തന്നെ രംഗത്തെത്തി, പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കുറിപ്പ് ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേര് നിധിന്റെ കുറിപ്പിന് താഴെ തങ്ങളുടെ അനുഭവങ്ങള്‍ എഴുതാനെത്തി.
‘പൊതു ഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോള്‍ ആവശ്യത്തിന് ചില്ലറ കരുതുക എന്നതാണ് ഏക പരിഹാരം. മാത്രമല്ല, ബസ് കണ്ടക്ടര്‍മാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും അസൌകര്യം സൃഷ്ടിക്കരുത്. നിങ്ങള്‍ക്ക് നമ്മ ബിഎംടിസിയുടെ ആപ്പിലൂടെ എത്രയാണ് ബസ് ചാര്‍ജ്ജ് എന്ന് അറിയാന്‍ കഴിയും.’ ഒരു കാഴ്ചക്കാരനെഴുതി. ‘ഓണ്‍ലൈനില്‍ പണം അടയ്ക്കൂ. സാമൂഹിക മാധ്യമത്തിലെ കരച്ചില് നിര്‍ത്തൂ.’ മറ്റൊരു കാഴ്ചക്കാരനെഴുതി. സമാന പ്രശ്നം മെട്രോ സ്റ്റേഷനിലുണ്ടെന്നും പണമിടപാടുകള്‍ കൂടുതല്‍ ഓണ്‍ലൈനിലൂടെ ആക്കണമെന്നും ചിലര്‍ എഴുതി. 2018 – 2019 സാമ്പത്തിക വര്‍ഷമണ് ഇന്ത്യ ഡിജിറ്റല്‍ പണമിടപാടിലേക്ക് കടന്നത്. എന്നാല്‍ ഇന്നും പല ഇടങ്ങളിലും പണമിടപാടാണ് നടക്കുന്നത്. കേരളത്തിലും സ്വകാര്യ കെഎസ്ആര്‍ടിസി ബസുകളില്‍ ഇപ്പോഴും പണമിടപാടാണ് നടക്കുന്നത്.