ബംഗളൂരു: സഹകരണ ബാങ്ക് നിക്ഷേപകരുടെ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെട്ട ബംഗളൂരു സൗത്തില്‍നിന്നുള്ള ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യയെ പരിഹസിച്ച് കോണ്‍ഗ്രസ്. മാസങ്ങള്‍ക്ക് മുമ്ബ് വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്ബ് എമർജൻസി എക്സിറ്റ് തുറന്ന് വിവാദത്തിലായ എം.പിയെ വീണ്ടും എമർജൻസി എക്സിലൂടെ രക്ഷപ്പെട്ടെന്ന പരിഹാസവുമായാണ് കോണ്‍ഗ്രസ് നേരിട്ടത്.
ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക് നിയമിതയുമായി ബന്ധപ്പെട്ട കോടികളുടെ തട്ടിപ്പില്‍ അതൃപ്തരായ നിക്ഷേപകരാണ് തേജസ്വി സൂര്യയെ ബംഗളൂരുവില്‍ നടന്ന പൊതുയോഗത്തില്‍ തടഞ്ഞത്. ഇതോടെ എം.പിയെ അനുയായികളും മറ്റും ചേർന്ന് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയക്കാരുമായി സഹകരണ ബാങ്ക് അസോസിയേഷൻ നടത്തിയ ചർച്ചക്കിടെയാണ് സംഭവം. സൂര്യയുടെയും ബസവനഗുഡി എം.എല്‍.എ രവി സുബ്രഹ്മണ്യന്റെയും അനുയായികളും ഒപ്പമുണ്ടായിരുന്നു. നിക്ഷേപകർ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസത്തെക്കുറിച്ച് രാഷ്ട്രീയ നേതാക്കളോട് രോഷത്തോടെ ചോദ്യമുയർത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. രോഷാകുലരായ നിക്ഷേപകർ തേജസ്വി സൂര്യക്കെതിരെ ശബ്ദമുയർത്തുന്നതിന്റെയും വേദിയില്‍നിന്ന് അദ്ദേഹം പോകുന്നത് തടയുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമ്മേളനത്തിനിടെ സൂര്യയുടെ അനുയായികള്‍ നിക്ഷേപകരെ മർദിച്ചതായും ആരോപണമുണ്ട്.
‘ബി.ജെ.പിയുടെ തേജസ്വി സൂര്യ ഒരിക്കല്‍കൂടി എമർജൻസി എക്സിറ്റ് ഡോറിലൂടെ ജനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടർമാരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തേജസ്വി സൂര്യയുടെ അഹങ്കാരം അതിരുകടക്കുന്നു. വോട്ടർമാർ അദ്ദേഹത്തെ പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ -എന്നിങ്ങനെയാണ് കോണ്‍ഗ്രസ് എക്സിലൂടെ പ്രതികരിച്ചത്.
2019ലെ തെരഞ്ഞെടുപ്പില്‍ 13 ലക്ഷം രൂപയുടെ മാത്രം ആസ്തിയുണ്ടായിരുന്ന തേജസ്വി സൂര്യയുടെ സമ്ബാദ്യം നാല് കോടിയും കവിഞ്ഞത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.