ദില്ലി: പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബറി മസ്ജിജ് തകർത്ത സംഭവവും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻ സി ഇ ആർ ടി. പൊളിറ്റിക്കല്‍ സയൻസ് പാഠപുസ്തകത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ നീക്കം ചെയ്തത്. പകരം രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഴയ പാഠഭാഗത്ത് ‘സ്വാതന്ത്ര്യനന്തര ഇന്ത്യൻ രാഷ്ട്രീയം’ എന്ന ഭാഗത്താണ് അയോധ്യ സംഭവം പ്രതിപാദിച്ചിരുന്നത്. അയോധ്യ തർക്കത്തെക്കുറിച്ച് നാല് പേജിലാണ് പറയുന്നത് (പേജ് 148-151). 1986 ലെ സംഭവങ്ങളുടെ തുടക്കം, ബാബറി മസ്ജിദ് തകർക്കല്‍, അനന്തരഫലങ്ങള്‍, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം, വർഗീയ കലാപങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പാഠഭാഗത്തില്‍ ഉണ്ടായിരുന്നത്. ഇതൊക്കെ ഒഴിവാക്കിയാണ് അയോധ്യയിലെ രാമക്ഷ്രേത്ര നിർമ്മാണത്തെ കുറിച്ച് പറയുന്നത്.
‘രാഷ്‌ട്രീയ സമാഹരണത്തിൻ്റെ സ്വഭാവത്തിന് രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെയും അയോധ്യ തകർക്കലിൻ്റെയും പൈതൃകം എന്താണ്?’ എന്നായിരുന്നു പാഠഭാഗത്തില്‍ നേരത്തേ ഉണ്ടായിരുന്നത്. പകരം ‘രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ പൈതൃകം എന്താണ്?’ എന്നാണ് പുതിയ ഭാഗത്തില്‍ പറയുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അനുസരിച്ചാണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തിയതെന്നാണ് എൻ സി ഇ ആർ ടി വിശദീകരണം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി കൊണ്ടുവന്ന ഏറ്റവും പുതിയ മാറ്റങ്ങളുടെ കൂടി അടുസ്ഥാനത്തില്‍ അയോധ്യ ഭാഗം സമഗ്രമായി പരിഷ്കരിച്ചിട്ടുണ്ടെന്നും എൻ സി ഇ ആർ ടി വിശദീകരിച്ചു.
അതേസമയം 5-ാം അധ്യായത്തില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. പരിഷ്‌ക്കരിച്ച പാഠപുസ്തകത്തില്‍ മുസ്ലീങ്ങള്‍ പാർശ്വവത്കരിക്കപ്പെട്ടവരാണെന്ന പരാമർശനം നീക്കിയിട്ടുണ്ട്. ഇവർക്ക് വികസന ആനുകൂല്യങ്ങള്‍ നിരസിക്കപ്പെട്ടു എന്ന ഭാഗവും മാറ്റിയിട്ടുണ്ട്. ലിംഗഭേദം, മതം, ജാതി എന്നിവയെക്കുറിച്ചുള്ള ഒരു അധ്യായത്തില്‍, വർഗീയ കലാപങ്ങളുടെ ഇരകളായി മതന്യൂനപക്ഷങ്ങളെ ഉയർത്തിക്കാട്ടുന്ന ഭാഗങ്ങളിലും മാറ്റം ഉണ്ട്.
12-ാം ക്ലാസിലെ ചരിത്ര സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഹാരപ്പൻ നാഗരികത, ഗോത്രവർഗ്ഗക്കാർ, ജനകീയ പ്രസ്ഥാനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. വർഗീയ കലാപങ്ങളുടെ ചില ചിത്രങ്ങള്‍ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇത് അപ്രസക്തമാണെന്നാണ് വിശദീകരണം. ഏഴുമുതല്‍ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളില്‍ നിന്നും പല വെട്ടിമാറ്റലുകളും ഉണ്ടായിട്ടുണ്ട്.