ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് വിസ്കിയും ബിയറും സബ്സിഡി നിരക്കില്‍ നല്‍കുമെന്ന് മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വനിത റൗട്ട്. ചന്ദ്രപൂര്‍ ജില്ലയിലെ ചിമൂര്‍ സ്വദേശിയാണ് വനിത റൗട്ട്. അഖില്‍ ഭാരതീയ മാനവതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ഇവർ.
തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാ ഗ്രാമത്തിലും ബിയര്‍ ബാറുകള്‍ തുറക്കുമെന്നും ഇറക്കുമതി ചെയ്ത വിസ്കിയും ബിയറും പാവപ്പെട്ടവര്‍ക്ക് എത്തിക്കുമെന്നും ഇവര്‍ പറഞ്ഞു. അതിനായി എംപി ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കുമെന്നാണ് വനിതയുടെ പ്രഖ്യാപനം.
‘‘എല്ലാ ഗ്രാമത്തിലും ബിയര്‍ ബാറുകള്‍. ഇതാണ് എന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം’’ വനിത പറഞ്ഞു.
റേഷന്‍ സംവിധാനത്തിലൂടെ വിദേശ മദ്യം വില്‍ക്കുമെന്നും വാങ്ങുന്നവർക്കും മദ്യം വില്‍ക്കുന്നവർക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും വനിത പറഞ്ഞു.
’’ പാവപ്പെട്ടവര്‍ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. അവര്‍ക്ക് സമാധാനം കിട്ടുന്നത് മദ്യപിക്കുമ്പോഴാണ്. എന്നാല്‍ വിസ്കി, ബിയര്‍ ഒന്നും വാങ്ങാനുള്ള ശേഷി അവര്‍ക്കില്ല. അതുകൊണ്ട് രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന മദ്യം അളവില്‍ കൂടുതല്‍ കഴിച്ച് അവര്‍ ബോധരഹിതരാകുന്നു. എന്നാല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ രുചി അവര്‍ അറിയണമെന്നാണ് എന്റെ ആഗ്രഹം,’’ വനിത പറഞ്ഞു.
മദ്യപാനം നിരവധി കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നയം എങ്ങനെ ഫലവത്താകുമെന്ന ചോദ്യത്തിനും വനിത മറുപടി നല്കി. അതുകൊണ്ടാണ് മദ്യം വില്‍ക്കുന്നവർക്കും വാങ്ങുന്നവർക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതെന്നും വനിത പറഞ്ഞു.