തിരുവനന്തപുരം: കറുപ്പ് നിറത്തിന്‍റെ പേരില്‍ അധിക്ഷേപം നടത്തിയ നർത്തകി കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധനപീഡനക്കേസും. മരുമകളുടെ പരാതിയില്‍ 2022 നവംബർ രണ്ടിനാണ് തിരുവനന്തപുരം കന്റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
10 ലക്ഷം രൂപയും വസ്തുവും ആവശ്യപ്പെട്ട് സത്യഭാമയും മകനും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് മരുമകളുടെ പരാതി. കേസില്‍ മകനും സത്യഭാമയുമാണ് ഒന്നും രണ്ടും പ്രതികള്‍.
സത്യഭാമയുടെ മകന്‍റെയും യുവതിയുടെയും പുനർവിവാഹമായിരുന്നു. അഞ്ച് ദിവസം മാത്രമാണ് സത്യഭാമയുടെ വീട്ടില്‍ യുവതിക്ക് താമസിക്കാൻ സാധിച്ചത്. 35 പവൻ സ്വർണവും സ്ത്രീധനമായി നല്‍കി. ഭർതൃവീട്ടില്‍ വന്ന ദിവസം മുതല്‍ സ്ത്രീധനം കുറവാണെന്ന് ചൂണ്ടിക്കാട്ടി സത്യഭാമയും മദ്യപാനിയായ മകനും ചേർന്ന് ശാരീരികവും മാനസികവുമായും ഉപദ്രവിക്കാൻ തുടങ്ങി.
യുവതിയുടെ വീടും വസ്തുവും തന്‍റെ പേരില്‍ എഴുതി തരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. ഇതിന് സത്യഭാമ കൂട്ടുനിന്നു. ആവശ്യങ്ങള്‍ നേടാനായി 2022 ഒക്ടോബർ 10ന് യുവതിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയിവിട്ടു. പിറ്റേദിവസം പ്രശ്നം പരിഹരിക്കാനായി യുവതിയുടെ പിതാവ് അടക്കം വഞ്ചിയൂർ കുന്നുകുഴിയിലെ സത്യഭാമയുടെ വീട്ടില്‍ എത്തി. എന്നാല്‍, യുവതിയുടെ പിതാവിനെ മർദിക്കുകയാണ് ഒന്നാം പ്രതി ചെയ്തത്.
പിതാവിന്‍റെ മുമ്ബില്‍വെച്ചും യുവതിയെ സത്യഭാമ മർദിച്ചു. മകൻ കെട്ടിയ താലി ഇനി വേണ്ടെന്ന് പറഞ്ഞ് വലിച്ച് പൊട്ടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ വീടിന് പുറത്തേക്ക് വലിച്ചെറിയുകയും ഇനി മുതല്‍ വീട്ടില്‍ താമസിക്കേണ്ടെന്ന് പറയുകയും ചെയ്തെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.