ബിഗ് ബോസ് മലയാളം സീസണ് 6 ആവേശകരമായ രണ്ടാം ദിവസത്തിലേക്ക് കടന്നു. രണ്ട് കോമണേഴ്സ് ഉള്‍പ്പടെ പത്തൊമ്ബത് പേരാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
എല്ലാവരും തുടക്കം മുതല്‍ തന്നെ ആവേശകരമായ മത്സരമാണ് കാഴ്ചവെക്കുന്നത്. അഞ്ച് സീസണുകള്‍ കണ്ട് മനസിലാക്കിയും തന്ത്രങ്ങള്‍ മെനഞ്ഞുമാണ് പത്തൊമ്ബത് പേരും മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതുവരെയുള്ള സീസണുകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് സീസണ് ആറ്.
കാരണം കോമണേഴ്സിനെ ആദ്യം തന്നെ ബിഗ് ബോസ് ടീം പ്രേക്ഷകർക്കും മറ്റ് മത്സരാർത്ഥികള്‍ക്കും പരിചയപ്പെടുത്തിയിരുന്നു. അതുപോലെ സ്റ്റേജില്‍ പ്രൊഫൈല്‍ പരിചയപ്പെടുത്തും മുമ്ബ് തന്നെ രതീഷ് പാട്ട് പാടുന്ന ചെറിയൊരു വീഡിയോ പ്രമോയായി പുറത്തുവിട്ടിരുന്നു. കൂടാതെ മത്സരാർത്ഥികള്‍ക്കായി ഒരു ബെഡ് റൂം എന്നത് മാറ്റി പ്രത്യേകതകള്‍ നിറഞ്ഞ നാല് ബെഡ്റൂമുകളാണ് നല്‍കിയിരിക്കുന്നത്.
ലോഞ്ച് ഡെയിലും ആദ്യ ദിവസവും തങ്ങളാല്‍ കഴിയും വിധം പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ വേണ്ട കണ്ടന്റുകള്‍ നല്‍കാനും ക്യാപ്റ്റൻസി ഫിസിക്കല്‍ ടാസ്ക്കില് ഗംഭീരമായി മത്സരിക്കാനും 19 പേരും ശ്രമിക്കുന്നുണ്ട്. ആദ്യ ഫിസിക്കല്‍ ടാസ്ക്കില് തന്നെ അടി പൊട്ടുകയും ഗ്രൂപ്പകളായി തിരിഞ്ഞ് പ്ലാനുകള്‍ ആവിഷ്കരിക്കുകയുമെല്ലാം ചെയ്ത് കഴിഞ്ഞു മത്സരാർത്ഥികള്‍. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് അർജുനാണ്.
പക്ഷെ പവർ റൂമിന്റെ മുഴുവൻ അധികാരവും ലഭിച്ചിട്ടും അതൊന്നും വേണ്ടവിധത്തില്‍ പ്രയോഗിക്കാൻ അർജുനായില്ല. ഫിസിക്കല്‍ ടാസ്ക്കിന് ശേഷമാണ് ആദ്യത്തെ നോമിനേഷൻ നടന്നത്. ഫിസിക്കല്‍ ടാസ്ക്കിലെ പ്രകടനം പ്രധാനമായും കണക്കിലെടുത്താണ് ഭൂരിഭാഗം പേരും നോമിനേഷൻ നടത്തിയത്.
ശരണ്യ ആനന്ദ്, നോറ, സിജോ, അന്‍സിബ ഹസന്, ജിന്റോ, രതീഷ് കുമാര്‍, സുരേഷ് മേനോന്, അസി റോക്കി എന്നിങ്ങനെ എട്ട് പേരാണ് നോമിനേഷനില്‍ വന്നത്. ഇവരില്‍ ഒന്നോ രണ്ടോ ആളുകള്‍ ഈ ആഴ്ചയോ അടുത്തയാഴ്ചയോ പുറത്തായേക്കുമെന്നും ശേഷം ഒരു വൈല്‍ഡ് കാർഡ് വീട്ടിലേക്ക് കയറുമെന്നുമാണ് റിപ്പോർട്ട്. ഒന്ന് മാറ്റിപിടിച്ചാലോ എന്നുള്ളതാണ് ഈ പ്രാവശ്യത്തെ ടാഗ് ലൈൻ എന്നതുകൊണ്ട് തന്നെ ഇത്തരം ഭീകര ട്വിസ്റ്റുകള്‍ തീർച്ചയായും പ്രതീക്ഷിക്കാം.
അതേസമയം ഒന്നാം ദിവസത്തെ പ്രകടനങ്ങള്‍ കണ്ട് തന്നെ 19 പേരെ കുറിച്ചും ഏകദേശ ധാരണയുണ്ടാക്കി ആരെ പിന്തുണക്കണമെന്നതില്‍ കൃത്യമായ തീരുമാനത്തില്‍ എത്തിയിട്ടുണ്ട് ബിഗ് ബോസ് പ്രേക്ഷകർ. പക്ഷെ പതിവുപോലെ വീട്ടുകാർ തന്നെ ഒരു രാജാവിനെ ഉടനെ ഉയർത്തി കൊണ്ടുവരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
കാരണം ആദ്യ ഫിസിക്കല്‍ ടാസ്ക്ക് പൂർത്തിയായ ശേഷം നോമിനേഷനിലേക്ക് കടന്നപ്പോള്‍ ഏറെയും പേർ സിജോ സ്ട്രോങ് പ്ലയറാണ് എന്ന തരത്തിലാണ് സംസാരിച്ചിരിക്കുന്നത്. മാത്രമല്ല ഭൂരിഭാഗം പുരുഷന്മാരും സിജോയുടെ തീരുമാനത്തില്‍ ഊന്നിയാണ് ഓരോ പ്രവൃത്തി ചെയ്യുന്നതും ഭാവിയില്‍ മറ്റ് സീസണുകളില്‍ സംഭവിച്ചതുപോലെ സിജോയെ രാജാവാക്കി വീട്ടുകാർ സ്വന്തം കുഴി തോണ്ടുന്നത് പോലെയാകും.
എല്ലാ കാര്യങ്ങളിലും ഇടപെട്ട് മറ്റ് മത്സരാർത്ഥികളെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതിലൂടെല ഇതിനോടകം ഒരു കോമളി എന്ന രീതിയിലുള്ള സമീപനമാണ് രതീഷിന്റെയടുത്ത് ഹൗസിലെ മറ്റ് മത്സാർത്ഥികള്‍ക്ക്. തുടർന്നുള്ള ദിവസങ്ങളിലും സിജോ സ്ട്രോങ് പ്ലയറാണെന്ന രീതിയില്‍ മറ്റ് മത്സരാർത്ഥികള്‍ സംസാരിക്കുന്നത് സിജോയ്ക്ക് പ്രേക്ഷകരില്‍ കൂടുതല്‍ സ്വാധീനമുണ്ടാകാൻ കാരണമാകും.
സിജോ സ്ട്രോങ് പ്ലയറാണെന്ന് പലപ്പോഴായി മത്സരാർത്ഥികള്‍ നോമിനേഷനില്‍ പറഞ്ഞതിനോട് ഭൂരിഭാഗം പ്രേക്ഷകർക്കും എതിർപ്പുണ്ട്. നോമിനേഷനില്‍ എത്തിയ എട്ട് പേർക്ക് പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. സാധാരണ നിലയില്‍ ആദ്യ വാരം ബിഗ് ബോസ് ആരെയും പുറത്താക്കാറില്ല. മാറ്റങ്ങള്‍ ഒരുപാട് പരീക്ഷിക്കുന്ന സീസണായതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് കണ്ട് അറിയണം.