Home Featured പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കേന്ദ്രത്തിനെതിരെ വിജയ്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കേന്ദ്രത്തിനെതിരെ വിജയ്

by admin

ഗുവാഹത്തി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകള്‍ (സി.എ.എ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ നടനും തമിഴക വെട്രി കഴകം തലവനുമായ വിജയ്. സി.എ.എ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

പാർട്ടി പ്രഖ്യാപിച്ചശേഷമുള്ള താരത്തിന്‍റെ ആദ്യത്തെ രാഷ്ട്രീയ പ്രതികരണമാണിത്. രാജ്യത്തെ എല്ലാ പൗരന്മാരും സൗഹാർദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തില്‍ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം (സി.എ.എ) പോലുള്ള ഒരു നിയമവും നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നടൻ വ്യക്തമാക്കി. തമിഴ്നാട്ടില്‍ നിയമം നടപ്പാക്കരുതെന്നും അദ്ദേഹം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നിയമം നടപ്പാക്കുന്നില്ലെന്ന് നേതാക്കള്‍ ഉറപ്പാക്കണമെന്നും നടന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു.

വ്യാപക എതിർപ്പുകള്‍ക്കിടയില്‍ നാലു വർഷം മുമ്ബ് പാർലമെന്‍റില്‍ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയില്‍ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തില്‍ വന്നത്. മുമ്ബൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മതാടിസ്ഥാനത്തില്‍ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തെ വിവാദത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയല്‍പക്ക രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്ബ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തില്‍പെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നല്‍കുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തില്‍ പൗരത്വം നല്‍കുന്നതിന്‍റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group