Home Featured ഭ്രൂണഹത്യ: നെലമംഗലയിലെ ആശുപത്രിക്കെതിരെ കേസ്

ഭ്രൂണഹത്യ: നെലമംഗലയിലെ ആശുപത്രിക്കെതിരെ കേസ്

by admin

ബംഗളൂരു: ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് ബംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗല ആസാരെ ഹോസ്പിറ്റലിന്റെ ഉടമ എൻ.ആർ. രവികുമാറിനെതിരെ പൊലീസ് കേസെടുത്തു. 74 അനധികൃത ഭ്രൂണഹത്യ കേസുകള്‍ ആശുപത്രിയില്‍ നടന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസെടുത്തതോടെ ആശുപത്രി ഉടമ ഒളിവില്‍ പോയി.

ജനുവരി 26ന് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. തുടർന്ന് ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫിസർ ഡോ. എസ്.ആർ. മഞ്ജുനാഥ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. മെഡിക്കല്‍ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ പ്രകാരം (എം.ടി.പി ആക്‌ട്) മതിയായ അനുമതി ആശുപത്രിക്കില്ലായിരുന്നു.

2021 മുതല്‍ പ്രസ്തുത ആശുപത്രിയില്‍ ഭ്രൂണഹത്യ നടത്തി വരുകയാണ്. എം.ടി.പി അഡ്മിഷൻ രജിസ്റ്റർ സൂക്ഷിച്ചിരുന്നില്ലെന്നും ഗർഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഓപറേഷൻ തിയറ്ററിലാണ് സൂക്ഷിച്ചിരുന്നതെന്നും അധികൃതർ കണ്ടെത്തി. ഇതില്‍ 90 ശതമാനം ഗർഭിണികളുടെയും അള്‍ട്രാസൗണ്ട് റിപ്പോർട്ടുകളും ഉണ്ടായിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഓപറേഷൻ തിയറ്ററിലെ രജിസ്റ്റർ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group