Home Featured ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

by admin

ബംഗളൂരു: നഗരത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് കർണാടക സർക്കാർ. 2021 മുതല്‍ 2023 വരെ ബംഗളൂരുവില്‍ 444 ബലാത്സംഗക്കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഓരോ വർഷവും കേസുകള്‍ വർധിച്ചുവരുന്നതായും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര വെളിപ്പെടുത്തി. ലജിസ്ലേറ്റിവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ് എം.എല്‍.സി നാഗരാജ് യാദവ് ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമുള്ള 116 കേസുകള്‍ 2021ല്‍ രജിസ്റ്റർ ചെയ്യപ്പെട്ടു. 2022ല്‍ 152 കേസുകളായിരുന്നത് 2023ല്‍ 176 ആയി ഉയർന്നു. പീഡനക്കേസുകളുടെ കണക്ക് ഇതിലും കൂടുതലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആകെ 2,439 സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഐ.പി.സി 354 (സ്ത്രീത്വത്തെ അപമാനിക്കുകയോ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുക) പ്രകാരമുള്ള കേസുകള്‍ 2021ല്‍ 573, 2022ല്‍ 731, 2023ല്‍ 1,135 എന്നിങ്ങനെയാണ്.

മൂന്നുവർഷത്തിനിടെ ഐ.പി.സി സെക്ഷൻ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) എന്നിവ പ്രകാരം 108 കേസുകളും നഗരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

80 സ്ത്രീധന പീഡന മരണം, 2,696 സ്ത്രീധന പീഡനം, 1,698 ഗാർഹിക പീഡനം, 445 അനധികൃത മനുഷ്യ ക്കടത്ത് എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

112 എന്ന ഹെല്‍പ് ലൈൻ നമ്ബർ സർക്കാർ നടപ്പിലാക്കിയതിനാല്‍ ഏഴോ എട്ടോ മിനിറ്റിനുള്ളില്‍ പൊലീസിന് ഏത് സ്ഥലത്തും എത്തിച്ചേരാനാകും. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കാമറകള്‍ സ്ഥാപിക്കാൻ നിർഭയ ഫണ്ടിന് കീഴില്‍ 665 കോടി രൂപ ചെലവഴിച്ചു. ബംഗളൂരുവില്‍ മാത്രം 4500 മുതല്‍ 5000 വരെ കാമറകളുണ്ട്. സംസ്ഥാനത്താകെ 7500 കാമറകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group