Home Featured രാമനഗര എസ്.ഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് അഭിഭാഷകര്‍ തെരുവില്‍

രാമനഗര എസ്.ഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് അഭിഭാഷകര്‍ തെരുവില്‍

by admin

ബംഗളൂരു: രാമനഗര ഐജുരു പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തൻവീർ ഹുസൈനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാമനഗരയിലെ അഭിഭാഷകർ കോടതി ബഹിഷ്കരിച്ച്‌ ചൊവ്വാഴ്ചയും ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് മാർച്ച്‌ നടത്തി.

തിങ്കളാഴ്ച രാത്രി ഏറെ നേരം ഡി.സി അവിനാഷ് മേനോൻ രാജേന്ദ്രനെ ഓഫിസില്‍നിന്ന് പുറത്തുകട ക്കാൻ വിടാതെ രണ്ട് കവാടങ്ങളും തടഞ്ഞിരുന്നു. 40 അഭിഭാഷകർക്കെതിരെ കഴിഞ്ഞ ചൊവ്വാഴ്ച എസ്.ഐ കേസ് ചുമത്തിയിരുന്നു.

ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദില്‍ പൂജ നടത്താനും അനുമതി നല്‍കി വിധി പ്രസ്താവിച്ച വാരാണസി ജില്ല ജഡ്ജിയെ ആർ.എസ്.എസ് പാദസേവകൻ എന്ന് വിശേഷിപ്പിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട രാമനഗര ജില്ലയിലെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് അഭിഭാഷകർക്കെതിരെ കേസെടുക്കുന്നതില്‍ കലാശിച്ചത്.

രാമനഗർ ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഐജൂർ സ്വദേശി ചാന്ദ് പാഷയെയാണ് മുതിർന്ന അഭിഭാഷകൻ ബി.എം. ശ്രീനിവാസയുടെ പരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിലും ഗ്രൂപ്പുകളിലും പോസ്റ്റ് പ്രചരിച്ചതോടെ ബാർ അസോസിയേഷൻ യോഗം ചേർന്നാണ് അസോസിയേഷൻ അംഗമായ പാഷക്കെതിരെ പരാതി നല്‍കാൻ തീരുമാനിച്ചത്. അഡ്വ. ശ്രീനിവാസ പരാതി നല്‍കുകയും ചെയ്തു.

തെറ്റായ ആരോപണം ഉന്നയിച്ച്‌ പാഷക്കെതിരെ നടത്തുന്ന നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷന് നിവേദനം സമർപ്പിക്കാൻ ചെന്ന രാമനഗരയിലെ വ്യാപാരി റഫീഖ് ഖാനെയും ഒപ്പമുള്ളവരെയും അഭിഭാഷകർ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഗ്യാൻവാപിയിലേത് പള്ളി അല്ലെന്ന് അവകാശപ്പെട്ട അഭിഭാഷകർ മതത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്തു. ഈ പരാതിയില്‍ 40 അഭിഭാഷകരെ പ്രതിചേർത്ത് ഐജൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തൻവീർ ഹുസൈൻ കേസെടുക്കുകയായിരുന്നു.

തിങ്കളാഴ്ച നടന്ന അഭിഭാഷക മാർച്ചിന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദർശ് അഗർവാള്‍, ബംഗളൂരു അസോസിയേഷൻ പ്രസിഡന്റ് വിശാല്‍ രഘു എന്നിവർ നേതൃത്വം നല്‍കി. അഭിഭാഷക പ്രതിഷേധത്തിന് സാമുദായിക നിറമുള്ളതിനാല്‍ രാമനഗരയില്‍ 900 പൊലീസുകാരെ പ്രത്യേകം വിന്യസിച്ചു. എസ്.പി, രണ്ട് എ.എസ്.പിമാർ, മൂന്ന് ഡിവൈ.എസ്.പിമാർ, 13 സി.ഐമാർ, 45 എസ്.ഐമാർ, 60 എ.എസ്.ഐമാർ എന്നിവർ പൊലീസ് സേനയെ നയിച്ചു.എസ്.ഐയെ സസ്പെൻഡ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ബുധനാഴ്ച ബംഗളൂരു വിധാൻ സൗധയിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭയില്‍ ഉന്നയിച്ച്‌ മുൻ മുഖ്യമന്ത്രി; രാഷ്ട്രീയക്കളിയെന്ന് ഉപമുഖ്യമന്ത്രി

ബംഗളൂരു: രാമനഗരയില്‍ അഭിഭാഷകർ നടത്തുന്ന പ്രതിഷേധം മുൻമുഖ്യമന്ത്രി ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി. കുമാര സ്വാമി ചൊവ്വാഴ്ച നിയമസഭയില്‍ ഉന്നയിച്ചു. രാമനഗരയില്‍ എന്താണ് സംഭവിക്കുന്നത്, ആയിരക്കണക്കിന് അഭിഭാഷകർ പ്രക്ഷോഭത്തിലാണ്. സർക്കാർ അറിഞ്ഞ ഭാവം നടിക്കുന്നില്ല -സ്വാമി പറഞ്ഞു.

രാമനഗരയില്‍ നടക്കുന്നത് രാഷ്ട്രീയക്കളിയല്ലാതൊന്നുമല്ലെന്ന് ഉപമുഖ്യമന്ത്രി ഡി. ശിവകുമാർ സഭയില്‍ പറഞ്ഞു. സർക്കാർ എല്ലാം അറിയുന്നുണ്ട്. അതുകൊണ്ടാണ് പൊലീസിനെ വിന്യസിച്ചത്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാല്‍ നിയമം അഭിഭാഷകരെയും തേടിയെത്തും -ഉപമുഖ്യമന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group