Home Featured ഏഴാംക്ലാസുകാരൻ ജീവനൊടുക്കി; കുട്ടിയുടെ ചിതാഭസ്മവുമായി സ്‌കൂളിലേക്ക് ബന്ധുക്കളുടെ മാർച്ച്

ഏഴാംക്ലാസുകാരൻ ജീവനൊടുക്കി; കുട്ടിയുടെ ചിതാഭസ്മവുമായി സ്‌കൂളിലേക്ക് ബന്ധുക്കളുടെ മാർച്ച്

by admin

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ ഏഴാംക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച് നടത്തി. അധ്യാപകർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിഷയത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂൾവിട്ടുവന്ന പ്രജിത്ത് എന്ന 13കാരൻ വീടിന്റെ ഹാളിൽ സ്‌കൂൾ യൂണിഫോമിൽ തൂങ്ങിമരിച്ചത്. മനോജ്-മീര ദമ്പതികളുടെ മകനാണ് പ്രജിത്ത്.കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

വ്യാഴാഴ്ച അവസാനപീരിയഡിൽ പ്രജിത്തും ഒരു സഹപാഠിയും ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് അനൗൺസ്‌മെന്റ് നടത്തി കുട്ടികളെ വരുത്തിച്ചു. തുടർന്ന് അധ്യാപകൻ ജനലിൽ പിടിപ്പിച്ചുനിർത്തി പ്രജിത്തിനെ തല്ലിയെന്നും ഒരു അധ്യാപിക മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അപമാനിച്ചുവെന്നും പോലീസിൽ നൽകിയ പരാതിയിൽ മനോജ് പറയുന്നു.

എന്നാൽ സഹപാഠിയായ വിജയ് തലകറങ്ങി വീണതിനെ തുടർന്ന് വെള്ളം എടുക്കാൻ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകർ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പി.ടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട്പല തവണ തല്ലുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്.

അതിന് തൊട്ടു പിറകെ രേഷ്മ,ഡോളി എന്നീ അധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശാസിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്തുവെന്നും പ്രജിത്തിന്റെ അച്ഛൻ മനോജ് പറഞ്ഞു. ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു.

എന്നാൽ സ്‌കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ സോഫിയ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. പിറ്റേ ദിവസം അച്ഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകർ പറഞ്ഞിട്ടുള്ളൂ എന്നാണ് സിസ്റ്റർ സോഫിയയുടെ വാദം.

പ്രജിത്തിന്റെമരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

You may also like

error: Content is protected !!
Join Our WhatsApp Group