ചെന്നൈ: കാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായിക്ക് തമിഴ്‌നാടും നിരോധനമേർപ്പെടുത്തി. ഈമാസം ഒൻപതിന് പുതുച്ചേരി സർക്കാർ പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിലെ സ്റ്റാളുകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ പരിശോധിച്ച് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടില്‍ പഞ്ഞി മിഠായിയുടെ വില്‍പ്പന നിരോധിച്ചതായി ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യൻ പറഞ്ഞു.
സമീപകാലത്തായി നടത്തിയ പരിശോധനയിലാണ് കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തു പഞ്ഞിമിഠായിയില്‍ കണ്ടെത്തിയത്. ഇതേ സാഹചര്യത്തില്‍ തന്നെയാണ് പോണ്ടിച്ചേരിയില്‍ ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്താൻ ഉത്തരവിട്ടത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥർ ചെന്നൈയിലെ മറീന ബീച്ചിലെ പഞ്ഞി മിഠായി കടകളില്‍ റെയ്ഡ് നടത്തിയിരുന്നു.
ഉത്സവ സീസണില്‍ ഗ്രാമപ്രദേശങ്ങളിലും പരിസരങ്ങളിലും പഞ്ഞി മിഠായികള്‍ വളരെ ജനപ്രിയമാണ്. ചെന്നൈയിലെ ഫുഡ് സേഫ്റ്റി ഓഫീസർ പി. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കടകളില്‍ റെയ്ഡ് നടത്തിയത്.
ചെന്നൈയില്‍ പിടികൂടിയ മിഠായികളില്‍ പുതുച്ചേരിയില്‍ പിടികൂടിയ പഞ്ഞി മിഠായിലെ അതേ രാസവസ്തുക്കള്‍ ചേർത്തിട്ടുണ്ടെന്ന് പരിശോധനാഫലം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ വില്‍പന നടത്തുന്നവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.