ബെംഗളൂരു: മഹാഭാരതവും രാമായണവും സാങ്കല്പിക കഥ മാത്രമെന്ന് ക്ലാസില്‍ വിദ്യാര്‍ഥികളോട് പറഞ്ഞ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മംഗളൂരുവിലെ തീരദേശ പട്ടണത്തിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്കൂളിലെ അധ്യാപികയെയാണ് ജോലിയില്‍നിന്നു പുറത്താക്കിയത്. അധ്യാപിക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.
2002ലെ ഗോധ്ര കലാപവും ബില്‍കീസ് ബാനു കൂട്ടബലാത്സംഗ കേസും പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാമന്ത്രിക്കെതിരെ അധ്യാപിക സംസാരിച്ചതെന്നും ഇത് കുട്ടികളുടെ മനസില്‍ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി എംഎല്‍എ വേദ്യാസ് കാമത്ത് ആരോപണം ഉന്നയിച്ചു. അധ്യാപികയെ സ്കൂളില്‍നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും ഇവർ സ്കൂളില്‍ പ്രതിഷേധിച്ചു. ഇതോടെയാണ് സ്കൂള്‍ അധികൃതര്‍ അധ്യാപികയെ പിരിച്ചുവിട്ടത്. ശ്രീരാമൻ ഒരു “പുരാണ ജീവി”യാണെന്ന് ഏഴാം ക്ലാസ് വിദ്യാർഥികളെ അധ്യാപിക പഠിപ്പിച്ചുവെന്ന് മാതാപിതാക്കളും പറയുന്നു.